

തന്റെ നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഈസ്റ്റ് സോണിന്റെ ദുലീപ് ട്രോഫി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ശേഷം, ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ തുറന്നിട്ട് പേസര്‍ മുഹമ്മദ് ഷമി. 36 വയസ്സായെങ്കിലും കളിക്കാനുള്ള തന്റെ ആഗ്രഹം കുറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയെ പ്രതിനിധീകരിച്ചത്. 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം അദ്ദേഹം ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടില്ല. തന്റെ ഫിറ്റ്‌നസും ഫോമും തെളിയിക്കാന്‍ ശ്രമിക്കുന്ന ഷമിയുടെ പുതിയ ആഭ്യന്തര മത്സര പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്.
അഞ്ചാംദിനം സൗത്ത് സോണിനെതിരായ ഫൈനല്‍ സമനിലയില്‍ അവസാനിച്ചതിനെ തുടര്‍ന്ന്, ആദ്യ ഇന്നിങ്‌സിലെ മികച്ച ലീഡിന്റെ കരുത്തിലാണ് ഇഷാന്‍ കിഷന്‍ നയിച്ച ഈസ്റ്റ് സോണ്‍ 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കിയത്. കിരീടനേട്ടത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഷമിയും തന്റെ പങ്ക് വഹിച്ചു.
'പ്രചോദനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ധാരാളം കാരണങ്ങളുണ്ട്. നിങ്ങള്‍ കാല്‍വെക്കുന്ന ഏതൊരു ഗ്രൗണ്ടില്‍ നിന്നും നിങ്ങള്‍ക്ക് പോസിറ്റിവിറ്റി ഉള്‍ക്കൊള്ളാന്‍ കഴിയും. ഈ തലത്തില്‍ നിങ്ങള്‍ക്ക് സ്വയം പ്രചോദനം ഇല്ലെങ്കില്‍, നിങ്ങളുടെ സമീപനം തെറ്റാണ്. നിങ്ങള്‍ കളിക്കുന്നത് ഏത് തലത്തിലായാലും, നിങ്ങളുടെ കണ്ണുകള്‍ എപ്പോഴും അടുത്ത ലെവലില്‍ ഉണ്ടായിരിക്കണം' -ഷമി പറഞ്ഞു.
'ഞാന്‍ എപ്പോഴും പറയാറുള്ളത് ഇതാണ്: നിങ്ങള്‍ കളിക്കുന്നത് ജേഴ്‌സിയിലെ ബാഡ്ജിന് വേണ്ടിയാണ്. നിങ്ങളുടെ നെഞ്ചില്‍ ആ ചിഹ്നം ധരിക്കുമ്പോള്‍, ക്രിക്കറ്റിന്റെ ലെവല്‍ ഏതാണെന്നത് വിഷയമല്ല. ആ ബാഡ്ജിന് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍, പ്രകടനത്തിനായുള്ള ആ ആഗ്രഹം സ്വാഭാവികമായും കാണാന്‍ സാധിക്കും. ആ അഭിമാനത്തോടെ കളിക്കുമ്പോള്‍ പോരാടാനുള്ള മനസ്സുറപ്പ് വര്‍ധിക്കുക മാത്രമേയുള്ളൂ. എന്റെ ചിന്താഗതി വളരെ ലളിതമാണ്. ഏത് ലെവലില്‍ കളിക്കാന്‍ അവസരം ലഭിച്ചാലും, അത് പരമാവധി പ്രയോജനപ്പെടുത്താനും ടീമിനോടുള്ള എന്റെ ഉത്തരവാദിത്തം നിറവേറ്റാനും ഞാന്‍ ആഗ്രഹിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുലീപ് ട്രോഫിയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഷമിക്ക് സാധിച്ചു. സെമിഫൈനലിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം മൂന്ന് മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റുകളാണ് ഈ സീനിയര്‍ പേസര്‍ വീഴ്ത്തിയത്. 2025-26 രഞ്ജി ട്രോഫി സീസണിലും ഷമി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ 16.72 ശരാശരിയില്‍ 37 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.
content highlights: "No Matter the Stage, Always Aim for the Next Level": Mohammed Shami's Inspiring Words