

ഞായറാഴ്ച നടക്കാനിരിക്കുന്ന വനിതാ ടി20 ഏഷ്യന്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ പാകിസ്താനോ നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയോ എതിരാളികളായി വരുന്നതില്‍ ഇന്ത്യന്‍ വനിതാ ടീമിന് യാതൊരു ആശങ്കയുമില്ലെന്ന് ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ. ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ടീം ഒരു എതിരാളികളെയും നിസാരമായി കാണുന്നില്ലെന്ന് ദീപ്തി ശര്‍മ്മ വ്യക്തമാക്കി.
വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പ്പിച്ചാണ് ആറാം തവണയും ഇന്ത്യ ഫൈനലില്‍ ഇടംനേടിയത്. പാകിസ്താന്‍-ശ്രീലങ്ക മത്സരത്തിന് ശേഷം ഫൈനലിനായുള്ള തന്ത്രങ്ങള്‍ മെനയുമെന്നും ദീപ്തി പറഞ്ഞു. 'സത്യത്തില്‍, അത് അവരുടെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും, എന്നാല്‍ ഇന്ത്യന്‍ ടീമിന് ഇതിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്' ഫൈനലില്‍ ഏത് ടീമിനെ നേരിടാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനാണ് ദീപ്തിയുടെ മറുപടി.
'ടീം ഒരു എതിരാളികളെയും നിസ്സാരമായി കാണുന്നില്ല. ഫൈനലില്‍ വരുന്നത് ശ്രീലങ്കയോ പാകിസ്താനോ ആകട്ടെ, അതൊന്നും നമ്മളെ ബാധിക്കില്ല. ഓരോ മത്സരത്തിലും ഒരു ടീമെന്ന നിലയില്‍ എങ്ങനെ മികച്ച പ്രകടനം നടത്താമെന്നാണ് ഞങ്ങള്‍ എപ്പോഴും ചിന്തിക്കുന്നത്. കൂട്ടായ പ്രകടനത്തിലൂടെ കൂടുതല്‍ മെച്ചപ്പെടാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' ദുബായില്‍ നടന്ന മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ ഇതിനകം തന്നെ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനെ വെറും 55 റണ്‍സിന് ഓള്‍ഔട്ടാക്കിയ ഇന്ത്യ, 68 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നിരുന്നു. അതിനാല്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് സാധ്യതയുണ്ടെങ്കിലും, നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ആ സാധ്യതയ്ക്ക് മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുന്നു.
രണ്ടാം സെമിഫൈനല്‍ മത്സരം ഒരുമിച്ച് കാണുമെന്നും അത് ഫൈനലിനായുള്ള തയ്യാറെടുപ്പുകള്‍ക്ക് ഉപയോഗിക്കുമെന്നും ദീപ്തി പറഞ്ഞു. 'നാളെ ഞങ്ങള്‍ ഒന്നിച്ച് ഇരുന്ന് അവരുടെ മത്സരം കാണും. ഫൈനലിനായി കൂടുതല്‍ തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ അത് നമ്മളെ സഹായിക്കും' -ദീപ്തി കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ദീപ്തി നിര്‍ണായക പങ്ക് വഹിച്ചു. ഇന്ത്യ ഉയര്‍ത്തിയ 149/6 എന്ന സ്‌കോറിന് മറുപടിയായി ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 109/7 എന്ന നിലയില്‍ തളച്ചിടാന്‍ 26 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ ദീപ്തി നേടി.
നാല് തവണ ക്യാച്ച് കൈവിട്ടുപോയെങ്കിലും, ഷെഫാലി വര്‍മ്മ 40 പന്തില്‍ നേടിയ 64 റണ്‍സാണ് മന്ദഗതിയിലുള്ള പിച്ചില്‍ ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കാന്‍ സഹായിച്ചത്. ഹര്‍മന്‍പ്രീത് കൗര്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ റിച്ച ഘോഷ് 16 പന്തില്‍ 21 റണ്‍സും ദീപ്തി 6 പന്തില്‍ പുറത്താകാതെ 13 റണ്‍സും നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് സ്ഥിരതയുള്ള തുടക്കം കുറിച്ചെങ്കിലും ഇന്ത്യ സ്പിന്‍ ആക്രമണം ആരംഭിച്ചതോടെ അവര്‍ പതറി. ദീപ്തി തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയും, പിന്നീട് ശോഭന മോസ്തരി, ഷര്‍മിന്‍ അക്തര്‍ എന്നിവരെ പുറത്താക്കി എതിരാളികളുടെ മിഡില്‍ ഓര്‍ഡര്‍ തകര്‍ക്കുകയും ചെയ്തു. 11 വിക്കറ്റുകളോടെ നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറാണ് ദീപ്തി. ബാറ്റിങ്ങിലും സംഭാവന നല്‍കാനുള്ള കഴിവ് തന്റെ റോളിന്റെ പ്രധാന ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുന്നു. 'എന്റെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഒരു ഓള്‍റൗണ്ടറായാണ്, അതിനാല്‍ രണ്ട് മേഖലകളിലും തിളങ്ങാന്‍ സാധിക്കുന്നത് തുടക്കം മുതലേ എന്നെ സഹായിച്ചിട്ടുണ്ട്' -അവര്‍ പറഞ്ഞു.
'ബാറ്റിങ്ങില്‍ അവസരം ലഭിക്കുമ്പോഴെല്ലാം സംഭാവന നല്‍കാന്‍ കഴിയുമെന്ന് എനിക്ക് എപ്പോഴും വിശ്വാസമുണ്ട്. അതിനാല്‍ ഇന്ന് കുറച്ച് പന്തുകള്‍ സിക്‌സും ഫോറും അടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. അത് എനിക്ക് എപ്പോഴും ആത്മവിശ്വാസം നല്‍കുന്നു. ആദ്യം ബൗള്‍ ചെയ്യുന്നതോ ബാറ്റ് ചെയ്യുന്നതോ എന്നെ സംബന്ധിച്ച് വിഷയമല്ല, ടീമിനായി ഒരു ഓള്‍റൗണ്ടറായി സംഭാവന നല്‍കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്' -ദീപ്തി കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റില്‍ ഇന്ത്യ തോല്‍വിയറിയാതെ മുന്നേറുന്നുണ്ടെങ്കിലും, ടീമിന്റെ ഫീല്‍ഡിങ് ഇപ്പോഴും ആശങ്കയായി തുടരുന്നു. ബംഗ്ലാദേശിനെതിരെ അവര്‍ നാല് ക്യാച്ചുകള്‍ കൈവിട്ടിരുന്നു. ഈ പിഴവുകള്‍ അംഗീകരിച്ച ദീപ്തി, ഫൈനലിന് മുന്നോടിയായുള്ള ടീമിന്റെ പരിശീലനത്തെ പിന്തുണയ്ക്കുകയും ചെയ്തു. 'ഫീല്‍ഡിങ്ങില്‍ ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ പരിശീലനത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ക്യാച്ചുകളും ഫീല്‍ഡിങ്ങും മെച്ചപ്പെടുത്താനായി ഞങ്ങള്‍ പരിശീലന സെഷനുകള്‍ നടത്തുന്നുണ്ട്' ദീപ്തി പറഞ്ഞു.
content highlights: "Not Taking Opponents Lightly": Deepti Sharma on Women's Asia Cup Final