

ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരാധകർ. സമൂഹമാധ്യങ്ങളിലൂടെയാണ് ആരാധകർ തങ്ങളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷൻ എന്നിവരടക്കമുള്ള ഇന്ത്യയുടെ മുൻനിര ബാറ്റർമാർ കളിയിൽ നിറം മങ്ങിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതോടെ 'Bring Back Sanju Samson' എന്ന ഹാഷ്‌ടാഗും വൈറലാവുകയാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനായി മൈതാനത്തെത്തിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. ആദ്യ 15 ഓവർ 8 വിക്കറ്റ് നഷ്ട്ടത്തിൽ 88 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. അതിൽ റൺസ് ഒന്നും തന്നെ നേടാനാകാതെ ഇഷാൻ കിഷൻ ഡഗൗട്ടിലേക്ക് മടങ്ങിയപ്പോൾ, അഭിഷേക് ശർമയ്ക്കും, തിലക് വർമയ്ക്കും ചേർന്ന് നേടാനായത് 16 റൺസ് മാത്രം. അഭിഷേക് ശർമ 12 പന്തിൽ നിന്ന് 15 റൺസെടുത്ത് പുറത്തായപ്പോൾ, രണ്ട് പന്തിൽ നിന്ന് ഒരു റണ്ണെടുത്ത തിലക് വർമയെ ഡി കോക്ക് കൈപിടിയിൽ ഒതുക്കി.
ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന സിംബാബ്‌വെക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ നിർണ്ണായക സൂപ്പര്‍ 8 മത്സരങ്ങളിൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മാനേജ്‌മെന്‍റ് ഗൗരവമായി ആലോചിക്കണമെന്ന ആവശ്യമാണ് ആരാധകർ ഉയർത്തിയത്. നിർണായക മത്സരങ്ങളിൽ പതറുന്ന ടോപ്പ് ഓർഡറിന് പകരം സഞ്ജുവിനെപ്പോലെ അനുഭവസമ്പത്തുള്ള താരങ്ങളെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആരാധകരും വാദിക്കുന്നു.
നിലവിൽ സൂപ്പർ 8 പോരാട്ടത്തിൽ ഇനി ഒരു തോൽവി കൂടി ഇന്ത്യ വഴങ്ങിയാൽ സെമി സാധ്യതകൾ അപകടത്തിലാകും. ഈ സാഹചര്യത്തിൽ വരും മത്സരങ്ങളില്‍ ടീമിൽ അഴിച്ചുപണികൾ ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
Content highlights: 'Bring Back Sanju Samson' Indian fans after humiliating collapse against South Africa