

2026 ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച വിജയലക്ഷ്യം ഉയര്‍ത്തി ദക്ഷിണാഫ്രിക്ക. സൂപ്പര്‍ എട്ടിലെ ആദ്യമത്സരത്തില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് 188 റണ്‍സ് അടിച്ചെടുക്കണം. അഹമ്മദാബാദില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റണ്‍സെടുക്കുന്നതിനിടെ 3 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. എയ്ഡന്‍ മാര്‍ക്രം 4(7), ക്വിന്റണ്‍ ഡി കോക്ക് 6(7), റയാന്‍ റിക്കിള്‍ടണ്‍ 7(7) എന്നിവര്‍ പെട്ടെന്ന് പുറത്തായി.
എന്നാല്‍ പിന്നീട് 20 റൺസിന് 3 വിക്കറ്റെന്ന നിലയിൽ തകർന്ന പ്രോട്ടീസിനെ ഡെവാള്‍ഡ് ബ്രെവിസും ഡേവിഡ് മില്ലറും ചേര്‍ന്ന് കരകയറ്റി. നാലാം വിക്കറ്റില്‍ ഡിവാള്‍ഡ് ബ്രെവിസ് 45 (29) - ഡേവിഡ് മില്ലര്‍ 63 (35) സഖ്യം 97 റണ്‍സാണ് 50 പന്തുകളില്‍ നിന്ന് അടിച്ചെടുത്തത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 117 എത്തിച്ചു. 13മത്തെ ഓവറില്‍ ശിവം ദുബെയുടെ ഓവറില്‍ ബ്രെവിസ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
പിന്നീടെത്തിയ വന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സ് 44* (24) പുറത്താകാതെ നിന്നു. സ്റ്റബ്‌സിനെ കൂട്ടുപിടിച്ച് മില്ലര്‍ ടീം സ്‌കോര്‍ 150 കടത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഡീപ് ലോംഗ് ഓഫില്‍ തിലക് വര്‍മ്മയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും മില്ലര്‍ അടിച്ചിരുന്നു. പിന്നിട് വന്ന മാര്‍ക്കോ യാന്‍സന്‍ 2(6), കോര്‍ബിന്‍ ബോഷ് 5(6) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content Highlights: T20 World Cup 2026 Super 8: David Miller, Tristan Stubbs, Dewald Brevis guide South Africa to 187/7 vs India