

ടി 20 ലോകകപ്പ് സൂപ്പർ എട്ടിലും സഞ്ജു സാംസൺ കളിക്കില്ല എന്ന സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ഇടംകൈയ്യന്‍മാരുടെ ആധിക്യം മാറ്റേണ്ടതില്ലെന്നും സഞ്ജു സാംസണെ പുറത്തിരുത്തുന്നത് ടീമിന്റെ സന്തുലിതാവസ്ഥ പരിഗണിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിഷേക് ശർമയുടെ ഫോമിൽ ആശങ്ക വേണ്ട, ഏത് സമയത്തും ഫോമിലേക്ക് തിരിച്ചുവരാൻ കഴിവുള്ള താരമാണ് അഭിഷേക്, താരത്തിന് സമയം കൊടുക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോഴുള്ളത് മികച്ച ബാറ്റിംഗ് ലൈനപ്പാണെന്നും വരാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ സ്പിന്‍ ഭീഷണിയെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമുക്ക് ഒരുപാട് ഒപ്ഷനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നെതർലാൻഡ്സിനെതിരെയുള്ള മത്സരത്തിലും ഡക്കായതോടെ ഈ ലോകകപ്പിൽ അഭിഷേകിന്റെ വട്ട പൂജ്യം മൂന്നെണ്ണമായി. ഒരു മത്സരത്തിൽ അസുഖ ബാധിതനായി കളിച്ചില്ല എന്നത് കൂടി ചേർത്താൽ ഈ ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ട് തീരുമ്പോൾ ഒരൊറ്റ റൺസ് പോലും സ്കോർ ബോർഡിൽ ചേർക്കാനായില്ല എന്നത് അവിശ്വസനീയ ഫിഗറാണ്. അവസാനം കളിച്ച എട്ട് മത്സരങ്ങളിൽ അഞ്ചിലും പൂജ്യമാണ് എന്നത് മറ്റൊരു വസ്തുത.
ദക്ഷിണാഫ്രിക്കയുമായുള്ള സൂപ്പർ എട്ട് മത്സരത്തിൽ താരത്തെ പുറത്തിരിത്തുമോ അതോ ഫോം വീണ്ടെടുക്കാൻ സമയം കൊടുക്കുമോ എന്ന ചോദ്യമാണ് ഇനി മുന്നിലുള്ളത്. എപ്പോൾ വേണമെങ്കിലും ഫോമിലേക്ക് ഉയരാൻ കെൽപ്പുള്ള അഭിഷേകിൽ വിശ്വാസം അർപ്പിക്കുന്നതിൽ പ്രശ്നമില്ലെങ്കിലും അവസരം കാത്ത് സഞ്ജു സാംസൺ പുറത്തിരിക്കുന്നു എന്നത് വസ്തുതയാണ്.
Content highlights: ryan ten doeschate on sanju samson and abhishek shamra in t20 worldcup