

അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയാണ് ലയണല്‍ മെസ്സി ആരാധകര്‍ക്ക് ആവേശം പകര്‍ന്നത്. എന്നാല്‍ മത്സരശേഷം വിവാദച്ചുഴിയിലാണ് താരം. അര്‍ജന്റീനയും അള്‍ജീരിയയും തമ്മിലുള്ള മത്സരത്തിലെ മെസ്സിയുടെ ഫൗളില്‍ വിവാദം പുകയുകയാണ്. അള്‍ജീരിയന്‍ താരം ഐസാ മെന്‍ഡിയുടെ കാലില്‍ ചവിട്ടിയ മെസ്സിക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
വിഷയത്തില്‍ അള്‍ജീരിയ ഫിഫയ്ക്ക് പരാതി നല്‍കി. ഇത് അനീതിയാണെന്ന് ആരോപിച്ചാണ് അള്‍ജീരിയന്‍ ടീമിന്റെ നീക്കം. 17-ാം മിനിറ്റിലാണ് സംഭവം. മെസ്സി ആദ്യഗോള്‍ നേടിയതിന് പിന്നാലെയാണ് ഫൗളുണ്ടായത്. പന്തിനായുള്ള പോരാട്ടത്തിനിടെ മെസ്സി അള്‍ജീരിയന്‍ നായകന്റെ കാലില്‍ ചവിട്ടുകയായിരുന്നു. കാലിന്റെ പിന്‍ഭാഗത്താണ് മെസ്സി ചവിട്ടിയത്. റഫറി ഉടന്‍തന്നെ ഫൗള്‍ വിളിക്കുകയും അള്‍ജീരിയയ്ക്ക് ഫ്രീകിക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍, മെസ്സിക്ക് മഞ്ഞക്കാര്‍ഡ് പോലും നല്‍കാത്തത് ആരാധകര്‍ വിമര്‍ശിച്ച് രംഗത്തെത്തി. ഇതോടെയാണ് അള്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പരാതിയുമായി രംഗത്തെത്തിയത്. മെസ്സിയുടെ ഫൗള്‍ ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്നതാണെന്ന് അള്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചു. ഇത്തരത്തില്‍ നടപടിയെടുക്കാത്ത മൂന്ന് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് അള്‍ജീരിയ ചൂണ്ടിക്കാട്ടുന്നത്. ഒന്നില്‍ പോലും വാര്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. അര്‍ജന്റീന കരുത്തരല്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ അനീതിക്കെതിരേ നിശബ്ദത പാലിക്കാനാവില്ലെന്നും അള്‍ജീരിയന്‍ ഫുട്‌ബോള്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
മെസ്സിയുടെ ഫൗളിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാര്‍ പരിശോധന ഇല്ലാത്തതും വലിയ പ്രതിഷേധത്തിനിടയാക്കി. അതേസമയം, ലോകകപ്പില്‍ മികച്ച ഫോമിലാണ് മെസ്സി. ചരിത്ര നേട്ടത്തിലേക്കുള്ള യാത്രയിലാണ് മെസ്സി ലോകകപ്പ് കളിക്കാനിറങ്ങുന്നത്.
content highlights: It was definitely a red card offense; Algeria lodges official complaint