

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് ഫോർമാറ്റ് ഒരുക്കിയ രീതിയിൽ ഐ സി സി ക്കെതിരെ വ്യാപക വിമർശനം. ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം ഒരു ഗ്രൂപ്പിൽ വരുന്നതാണ് വിമർശനത്തിന് ഇടയാക്കിയത്.
ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ നോക്കൗട്ട് റൗണ്ടുകളുടെ ഫോർമാറ്റ് സംബന്ധിച്ച് ഐസിസി വ്യക്തത വരുത്തിയിരുന്നു. 20 ടീമുകളെ നാല് ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിട്ടുള്ളത്. നാല് ഗ്രൂപ്പുകളിലും അഞ്ച് ടീമുകൾ വീതമുണ്ടാകും. ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സൂപ്പർ എട്ട് സ്റ്റേജിലേക്ക് കടക്കുകയുമാണ് ചെയ്യുക.
സൂപ്പർ എട്ടിൽ ഈ ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിക്കും. ഇതാണ് നിലവിൽ വൻ വിമർശനങ്ങൾക്ക് വിധേയമാകുന്നത്. ഗ്രൂപ്പ് ജേതാക്കളെല്ലാം സൂപ്പർ എട്ടിലെ ഒരു ഗ്രൂപ്പിൽ ഒന്നിച്ചുവരുന്നതാണ് അതൃപ്തിക്കിടയാക്കിയിരിക്കുന്നത്.
ഐസിസി നേരത്തേ നിശ്ചയിച്ചതാണ് ഇത്. സൂപ്പർ എട്ട് ഗ്രൂപ്പുകളിൽ യഥാക്രമം ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക ടീമുകൾക്ക് Y1, Y2, Y3, Y4 എന്നിങ്ങനെയും, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇൻഡീസ് ടീമുകൾക്ക് യഥാക്രമം X1, X2, X3, X4 എന്നിങ്ങനെയും സ്ഥാനങ്ങൾ നൽകി. ഓസ്ട്രേലിയ പുറത്തായതിനാൽ സിംബാബ്‌വേ പകരം ഗ്രൂപ്പിൽ ഇടംപിടിച്ചു. ബ്രോഡ്കാസ്റ്റിങ്, ടിക്കറ്റ് വിതരണം, യാത്ര എന്നിങ്ങനെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് ഐസിസി ഇങ്ങനെ ക്രമീകരിച്ചിരിക്കുന്നത്.
അതോടെ ഇന്ത്യയടക്കം നാല് ഗ്രൂപ്പ് ജേതാക്കളും സൂപ്പർ എട്ടിൽ പരസ്പരം മത്സരിക്കും. സിംബാബ്‌വേ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യയ്ക്കൊപ്പം ആദ്യ ഗ്രൂപ്പിലുൾപ്പെട്ടിരിക്കുന്നത്. സൂപ്പർ എട്ടിലെ ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ സെമിയിലേക്ക് മുന്നേറും.
അതായത് പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകൾ സെമിക്ക് മുന്നേ പുറത്താവുമെന്നർഥം. ഇത് ശരിയായ മത്സരക്രമം അല്ലെന്നാണ് പലരും പറയുന്നത്. ഗ്രൂപ്പ് ജേതാക്കൾക്ക് സാധാരണ ഗതിയിൽ ലഭിക്കാറുള്ള മുൻതൂക്കം ഇവിടെ കിട്ടുന്നില്ലെന്ന് മാത്രമല്ല പോരാട്ടം കൂടുതൽ കടുക്കുമെന്നുറപ്പ്. ഗ്രൂപ്പിൽ രണ്ടാമതെത്തിയവരെല്ലാം മറ്റൊരു സൂപ്പർ എട്ട് ഗ്രൂപ്പിൽ ഒന്നിച്ചുവരും.
Content highlights:ICC Is Facing Criticism Over T20 World Cup Super 8 Format