

ടി20 ലോകകപ്പ് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ സഹതാരം മുഹമ്മദ് സിറാജിന്റെ ജേഴ്‌സി ധരിച്ച് ഇറങ്ങിയത് ചർച്ചയാവുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ഇഷാൻ കിഷനൊപ്പം ഓപ്പണിങ്ങിനെത്തിയപ്പോഴാണ് അഭിഷേകിന്റെ ജേഴ്‌സി എല്ലാവരുടെയും ശ്രദ്ധയിൽപ്പെട്ടത്. സിറാജിന്റെ 73-ാം നമ്പർ ജേഴ്‌സി ധരിച്ച് ഗ്രൗണ്ടിലിറങ്ങിയ അഭിഷേകിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം ഗ്രൗണ്ടിൽ കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ABHISHEK SHARMA WEARING SIRAJ's JERSEY. 😄🔥 pic.twitter.com/KTsmrjNOQs
— Johns. (@CricCrazyJohns) February 18, 2026
ഇതോടെ അഭിഷേക് എന്തുകൊണ്ട് സിറാജിന്റെ ജേഴ്സി അണിഞ്ഞ് ഇറങ്ങിയെന്ന കാര്യത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായി. അഭിഷേക് ശര്‍മ കിറ്റ് ഹോട്ടലില്‍ മറന്നുവച്ചു എന്നാണ് കമേന്‍ററിയില്‍ നാസർ ഹുസൈനും സുനിൽ ഗവാസ്കറും പറഞ്ഞത്. എന്നാല്‍ അഭിഷേക് ജേഴ്സി ഡ്രസിങ് റൂമില്‍ എത്തിച്ചിരുന്നു എന്നും എന്നാല്‍ ഇന്ത്യന്‍ ഇന്നിങ്സ് ആരംഭിക്കുന്നതിന് മുന്‍പ് ഇത് എത്തിക്കാന്‍ ടീമിലുള്ള ആര്‍ക്കും സാധിച്ചില്ലെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഭാഗ്യം പരീക്ഷിക്കാനാണ് അഭിഷേക് ജഴ്സി മാറ്റിയതെന്നും സോഷ്യല്‍ മീഡിയയിൽ അഭിപ്രായങ്ങൾ ഉയർന്നു. ഭാഗ്യം തെളിയാൻ വേണ്ടി മാറ്റിയ മറ്റൊരു വസ്ത്രം എന്ന് കമന്‍ററിക്കിടെ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നസീർ ഹുസൈൻ പറയുകയും ചെയ്തിരുന്നു.
ജേഴ്സി മാറിയെങ്കിലും അഭിഷേക് ഇത്തവണയും പൂജ്യത്തിന് പുറത്തായി. നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ അഭിഷേക് ബൗള്‍ഡാവുകയായിരുന്നു. ആര്യന്‍ ദത്തിനായിരുന്നു വിക്കറ്റ്. ലോകകപ്പില്‍ ഇതുവരെ അഭിഷേകിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായ താരത്തിന് രണ്ടാം മത്സരത്തില്‍, നമീബിയക്കെതിരെ വയറിലുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പാകിസ്താനെതിരെ തിരിച്ചെത്തിയ അഭിഷേക് നാലാം പന്തില്‍ തന്നെ മടങ്ങി. ഇപ്പോഴിതാ നെതർലന്‍ഡ്‌സിനെതിരെയും അഭിഷേക് നിരാശപ്പെടുത്തിയിരിക്കുകയാണ്.
Content Highlights: T20 World Cup 2026, IND vs NED: Why Did Abhishek Sharma Wear Mohammed Siraj's Jersey