ടി20 ലോകകപ്പ്; വിറപ്പിച്ച് വീണ് ഇറ്റലി, ഈഡനില്‍ വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് സൂപ്പർ എട്ടില്‍

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജാമി ഓവര്‍ടണ്‍ എന്നിവരാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്

ടി20 ലോകകപ്പ്; വിറപ്പിച്ച് വീണ് ഇറ്റലി, ഈഡനില്‍ വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് സൂപ്പർ എട്ടില്‍
dot image

2026 ടി20 ലോകകപ്പില്‍ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 24 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തി 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇറ്റലിയുടെ ഇന്നിങ്‌സ് 178 റണ്‍സിന് അവസാനിച്ചു. നിശ്ചിത 20 ഓവറില്‍ ഇറ്റലി ഓള്‍ഔട്ടാവുകയായിരുന്നു.

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജാമി ഓവര്‍ടണ്‍ എന്നിവരാണ് ഇംഗ്ലീഷ് പടയ്ക്ക് വിജയം സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങില്‍ നാലാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഇറ്റലിയെ ജസ്റ്റിന്‍ മോസ്‌കയും ബെഞ്ചമിന്‍ മാനെന്റിയുമാണ് മുന്നോട്ടുനയിച്ചത്. ഇരുവരും ചേര്‍ന്ന് 92 റണ്‍സ് സ്‌കോര്‍ ബോര്‍ഡിൽ കൂട്ടിച്ചേർത്തു‌. പിന്നാലെ 25 പന്തില്‍ 60 റണ്‍സുമായി ബെഞ്ചമിന്‍ തിരികെ നടന്നു. പിന്നാലെ ജസ്റ്റിന്‍ 34 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി.

അടുത്ത ഓവറില്‍ ടീമിന് രണ്ട് പേരെ കൂടി നഷ്ടമായി. പക്ഷേ, ഗ്രാന്റ് സ്റ്റുവര്‍ട്ട് ക്രീസില്‍ പിടിച്ചുനിന്നു സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ സ്‌കോര്‍ 178ല്‍ നില്‍ക്കെ സ്റ്റുവര്‍ട്ട് കൂടാരം കയറി. 23 പന്തില്‍ 45 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേ സ്‌കോറില്‍ തന്നെ മറ്റ് രണ്ട് താരങ്ങളും പുറത്തായതോടെ ഇംഗ്ലണ്ട് വിജയവും സൂപ്പർ എട്ടിലേക്കുള്ള യോ​ഗ്യതയും സ്വന്തമാക്കി.

Content Highlights: T20 World Cup 2026: England beat Italy by 24 runs to qualify for Super 8s

dot image
To advertise here,contact us
dot image