

ടി20 ലോകകപ്പില്‍ പാകിസ്താനെതിരെ വിജയം സ്വന്തമാക്കി ഇന്ത്യ. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാകിസ്താന്‍ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ഔട്ടായി. പാകിസ്താനെതിരായ വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു.
ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവും തിലക് വര്‍മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 34 പന്തില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖാനൊപ്പം 14 റണ്‍സെടുത്ത ഷദാബ് ഖാൻ മാത്രമാണ് രണ്ടക്കം കടന്നത്. ബാബര്‍ അസം 7 പന്തില്‍ 5 റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ ഷാഹിബ്സാദ ഫര്‍ഹാന്‍ റണ്ണൊന്നുമെടുക്കാതെ ആദ്യ ഓവറില്‍ മടങ്ങി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ച്വറി നേടി. 40 പന്തിൽ 77 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
24 പന്തിൽ 25 റൺസെടുത്ത തിലക് വർമ, 29 പന്തിൽ 32 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ അവസാന ഓവറുകളിൽ ശിവം ദുബെയുടെ വമ്പൻ ഷോട്ടുകൾ സ്കോർ ഉയർത്തുന്നതിൽ നിർണായകമായി. 17 പന്തില്‍ 27 റണ്‍സെടുത്ത ദുബെ 19.5 ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു.
പാകിസ്താന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ, ഷഹീന്‍ അഫ്രീദി, ഉസ്മാന്‍ താരിഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: T20 World Cup 2026, IND vs PAK: India defeat Pakistan by 61 runs at Colombo