

ടി20 ലോകകപ്പ് സംഘാടകർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ്. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപ് പരിശീലനം നടത്താന്‍ മതിയായ സൗകര്യം തന്‍റെ ടീമിന് ലഭിച്ചില്ലെന്നാണ് ഇറാസ്മസിന്‍റെ പരാതി. ഇന്ന് വൈകിട്ട് ഏഴിന് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് ഇന്ത്യ–നമീബിയ മത്സരം.
വൈകിട്ടാണ് മത്സരം നടക്കുകയെന്നും പക്ഷേ സ്റ്റേഡിയം ലൈറ്റില്‍ പരിശീലനം നടത്താന്‍ അവസരം നല്‍കുന്നതിന് പകരം പകലാണ് സമയം അനുവദിച്ചതെന്നുമാണ് നമീബിയൻ നായകൻ വാദിക്കുന്നത്. അതേസമയം ഇന്ത്യയ്ക്ക് രണ്ട് നൈറ്റ് സെഷന്‍ ലഭിച്ചുവെന്നും ഇറാസ്മസ് ചൂണ്ടിക്കാട്ടി. നിലവിലെ ചാമ്പ്യന്മാരെ നേരിടുമ്പോള്‍ മതിയായ പരിശീലനം ഇല്ലാത്തത് തിരിച്ചടിയാവാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഇറാസ്മസ് പങ്കുവെച്ചു.
'ഞങ്ങള്‍ക്ക് മാത്രം നൈറ്റ് ട്രെയിനിങ് സെഷന്‍ കിട്ടിയില്ല. കാരണമെന്താണെന്ന് എനിക്കറിയില്ല. ഇന്ത്യയ്ക്ക് രണ്ട് തവണ രാത്രി പരിശീലിക്കാനുള്ള അവസരം ലഭിച്ചെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം കാനഡ ടീമും രാത്രിയില്‍ പരിശീലിക്കുന്നത് കണ്ടു. നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ ചെയ്യുക. എന്നാൽ ഞങ്ങൾ ഞങ്ങളുടെ നമീബിയൻ സ്റ്റൈലിൽ പൊരുതാനാണ് ഉദ്ദേശിക്കുന്നത്', എന്നായിരുന്നു ഇറാസ്മസ് തുറന്നടിച്ചത്.
നമീബിയയിലെ മൈതാനങ്ങളിൽ പലപ്പോഴും ഫ്ലഡ് ലൈറ്റുകൾ പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാവാറില്ലെന്നും അതുകൊണ്ടുതന്നെ ഡേ–നൈറ്റ് ഫിക്സചറുകള്‍ വരുമ്പോള്‍ കളിക്കാര്‍ പതറുന്നത് സ്വാഭാവികമാണെന്നും താരം വ്യക്തമാക്കി. ഫ്ലഡ്ലൈറ്റുകള്‍ക്ക് കീഴില്‍ കളിക്കാനുള്ള സൗകര്യം ആകെ ലഭിക്കുന്നത് വിദേശത്തെത്തുമ്പോള്‍ മാത്രമാണെന്നും ക്യാപ്റ്റന്‍ തുറന്നുപറയുന്നു.
Content Highlights: IND vs NAM: Namibia captain Gerhard Erasmus has raised a concern about not getting night training session