ഹോം ഗ്രൗണ്ടിൽ സഞ്ജുവിന് അവസാന അവസരം; ഇലവനിൽ മാറ്റങ്ങൾ; സാധ്യത ഇലവൻ

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ

ഹോം ഗ്രൗണ്ടിൽ സഞ്ജുവിന് അവസാന അവസരം; ഇലവനിൽ മാറ്റങ്ങൾ; സാധ്യത ഇലവൻ
dot image

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം നാളെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ. രാത്രി ഏഴ് മണിക്കാണ് മത്സരം. സഞ്ജു സാംസണിന്റെ സ്വന്തം മൈതാനത്ത് നടക്കുന്ന മത്സരം എന്ന നിലയിലും ടി 20 ലോകകപ്പിന് മുമ്പെയുള്ള ഇന്ത്യയുടെ അവസാനത്തെ മത്സരം എന്ന നിലയിലും ശ്രദ്ധേയമായ മത്സരമായിരിക്കും ഇത്.

അതേ സമയം പ്ലേയിംഗ് ഇലവനില്‍ എന്തൊക്കെ മാറ്റമുണ്ടാകുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 50 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങിയ പശ്ചാത്തലത്തില്‍ കാര്യവട്ടം ടി20യില്‍ അടിമുടി മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നേരിയ പരിക്കുമൂലം നാലാം ടി20യില്‍ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ശനിയാഴ്ച കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ ടീമില്‍ തിരിച്ചെത്തും. നാലാം ടി20യില്‍ കിഷന് പകരം പേസര്‍ അര്‍ഷ്ദീപ് സിംഗാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. അതുകൊണ്ട് തന്നെ കിഷന്‍ തിരിച്ചെത്തുമ്പോള്‍ ബാറ്ററെ ഒഴിവാക്കേണ്ട സാഹചര്യം നിലവിലില്ല.

ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയാല്‍ നാലാം ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ അഭിഷേക് ശര്‍മക്ക് വിശ്രമം നല്‍കാൻ സാധ്യതയുണ്ട്. അഭിഷേകിന് വിശ്രമം നല്‍കിയാല്‍ ഇഷാന്‍ കിഷൻ സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരത്തെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യൻ കുപ്പായത്തില്‍ സഞ്ജു സാംസണെ പുറത്തിരുത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും അതിനുള്ള സാധ്യതയില്ല. പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ ഒരു ഗോള്‍ഡന്‍ ഡക്കുള്‍പ്പെടെ 16 റണ്‍സ് മാത്രമടിച്ച സഞ്ജു വിശാഖപട്ടണത്ത് നടന്ന നാലാം ടി20യില്‍ 15 പന്തില്‍ 24 റണ്‍സടിച്ച് നല്ല തുടക്കമിട്ടെങ്കിലും വലിയ സ്കോര്‍ നേടാനാവഞ്ഞതും ഔട്ടായ രീതിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ക്ക് ശേഷം വിശാഖപട്ടണത്ത് നിരാശപ്പെടുത്തി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത വിരളമാണ്.

നാലാം മത്സരത്തില്‍ ബൗള്‍ ചെയ്യാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ബാറ്റിംഗിനിറങ്ങിയപ്പോള്‍ 5 പന്തില്‍ രണ്ട് റണ്‍സെടുത്ത് നിരാശപ്പെടുത്തിയിരുന്നു. അക്സര്‍ പട്ടേല്‍ പരിക്കുമാറി തിരിച്ചെത്തിയാല്‍ ഹാര്‍ദ്ദിക്കിന് വിശ്രമം അനുവദിച്ചേക്കും.

നാലാം മത്സരത്തില്‍ നാലാം നമ്പറിലിറങ്ങിയ റിങ്കു സിംഗ് തന്നെയാകും ഫിനിഷറായി തുടരുക. വിശാഖപട്ടണത്ത് കൂട്ടത്തകര്‍ച്ചക്കിടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച റിങ്കും 30 പന്തില്‍ 39 റണ്‍സെടുത്ത് ഇന്ത്യയുടെ രണ്ടാമത്തെ വലിയ ടോപ് സ്കോററായിരുന്നു.

വിശാഖപട്ടണത്ത് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ശിവം ദുബെ കാര്യവട്ടത്തും അതാവര്‍ത്തിച്ചാല്‍ കാണികള്‍ക്ക് അത് വിരുന്നാകും. നാലാം ടി20യില്‍ പന്തെറിയാതിരുന്ന ദുബെക്ക് ഹാര്‍ദ്ദിക് കളിച്ചില്ലെങ്കില്‍ ബൗളിംഗിലും നിര്‍ണായക റോളുണ്ടാകും.

നാലാം ടി20 മത്സരത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും നിറം മങ്ങിയ പേസര്‍ ഹര്‍ഷിത് റാണ കാര്യവട്ടത്ത് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയില്ല. ഹര്‍ഷിത് പുറത്താകുമ്പോള്‍ പകരം വരുണ്‍ ചക്രവര്‍ത്തിയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക.

നാലാം ടി20യില്‍ റണ്‍സ് വഴങ്ങിയെങ്കിലും ന്യൂസിലന്‍ഡിന്‍റെ മധ്യ ഓവറുകളില്‍ നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ട കുല്‍ദീപ് യാദവിന് കാര്യവട്ടത്തും വലിയ റോളുണ്ടാകും. മൂന്നാം സ്പിന്നറായി കുല്‍ദീപ് ആകും പ്ലേയിംഗ് ഇലവനില്‍.

നാലാം ടി20യില്‍ ആദ്യ മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങിയ ബുമ്ര പക്ഷെ അവസാന ഓവറില്‍ റണ്‍സേറെ വഴങ്ങിയെങ്കിലും ലോകകപ്പിനു മുമ്പുള്ള അവസാന മത്സരമായതിനാല്‍ പ്ലേയിംഗ് ഇലവനില്‍ തുടരും.

ബുമ്രയുടെ മരണയോര്‍ക്കറുകള്‍ കാണാന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാകും ഇത്.

ഗുവാഹത്തിയില്‍ അടി വാങ്ങിക്കൂട്ടിയെങ്കിലും വിശാഖപട്ടണത്ത് ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയ ഇന്ത്യൻ ബൗളര്‍ അര്‍ഷ്ദീപായിരുന്നു. നാലോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അര്‍ഷ്ദീപ് കാര്യവട്ടത്തും ഇന്ത്യയുടെ പ്രധാന ആയുധമായിരിക്കും.

Content Highlights- Sanju's last chance at home; Changes in the XI; Probable XI

dot image
To advertise here,contact us
dot image