

ചിരിപ്പിക്കുന്ന മുഹൂർത്തങ്ങളും പേടിപ്പിക്കുന്ന ട്വിസ്റ്റുകളും ഒരുമിച്ച് ചേർന്ന പ്രകമ്പനം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. ചിത്രത്തിലെ കോളേജ് വൈബിനും കോമഡികൾക്കും സർപ്രൈസ് എലമെന്റുകൾക്കുമെല്ലാം കയ്യടി ഉയരുന്നുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ഗണപതി, സാഗർ സൂര്യ, അൽ അമീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കോമഡിയുടെ പെരുമഴയും ത്രില്ലിന്റെ പ്രകമ്പനവും ചേർന്ന ഈ ഹോസ്റ്റൽ പശ്ചാത്തല ഹൊറർ കോമഡി എന്റർടെയ്‌നർ, യുവതലമുറയെ ലക്ഷ്യമിട്ടുള്ള ഒരു ഫുൾ പാക്കേജ് ആണെന്ന് പ്രേക്ഷകർ പറയുന്നു.
കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറർ ഘടകങ്ങൾ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് പ്രകമ്പനം നൽകുന്നത്. ശീതൾ ജോസഫ് ആണ് ചിത്രത്തിലെ നായിക. കലാഭവൻ നവാസ് അഭിനയിച്ച അവസാന ചിത്രം കൂടിയാണ് പ്രകമ്പനം.

രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്‌സാണ്ടർ, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. മലയാളത്തിലെ പ്രമുഖ ഇൻഫ്‌ലുവൻസേഴ്‌സും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
നവരസ ഫിലിംസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 'നദികളിൽ സുന്ദരി'യ്ക്ക് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ എസ്, കാർത്തികേയൻ എസ്, സുധീഷ് എൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.
Content Highlights: Prakambanam movie response after first show