'മാറുന്ന ലോകക്രമത്തെ നേരിടാന്‍ യുവതലമുറ സജ്ജരാകണം': സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026

'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026' ആദ്യദിന സെഷനുകള്‍ ഭാവി വികസനത്തെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വേദിയായി

'മാറുന്ന ലോകക്രമത്തെ നേരിടാന്‍ യുവതലമുറ സജ്ജരാകണം': സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026
dot image

ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആരംഭിച്ച 'സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2026' ആദ്യദിന സെഷനുകള്‍ ഭാവി വികസനത്തെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വേദിയായി. പരിസ്ഥിതി, സാങ്കേതികവിദ്യ, സാമൂഹിക ഇടപെടല്‍ എന്നീ മേഖലകളിലെ വിദഗ്ധര്‍ വിവിധ സെഷനുകളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഭൂമിയെ വൈകാരികമായ ഉത്തരവാദിത്തത്തോടെ വരുംതലമുറ ഏറ്റെടുക്കണമെന്ന് ആര്‍ക്കിടെക്ട് ജി. ശങ്കര്‍ പറഞ്ഞു. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള നിര്‍മ്മാണ രീതികള്‍ ഉപേക്ഷിക്കണമെന്നും കേരളത്തിന്റെ തനത് വാസ്തുവിദ്യയിലൂന്നിയ ചെലവുകുറഞ്ഞ വീടുകളാണ് യഥാര്‍ത്ഥ 'സ്മാര്‍ട്ട് ഹോമുകള്‍' എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുരന്തങ്ങളെ പുനര്‍നിര്‍മ്മാണത്തിനുള്ള അവസരങ്ങളായി കാണണമെന്ന് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം വലിയ പ്രതിസന്ധിയാണെന്നും അതിജീവനം എന്നത് ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗവണ്‍മെന്റ്, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളുടെ സഹകരണമാണ് ഭാവിയെ നിര്‍ണ്ണയിക്കുകയെന്ന് സിയാല്‍ എം.ഡി എസ്. സുഹാസ് ഐഎഎസ് പറഞ്ഞു. എഐ, ഓട്ടോമേഷന്‍ എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വായനക്കാര്‍ ഉള്ളിടത്തോളം പുസ്തകങ്ങള്‍ അപ്രത്യക്ഷമാകില്ലെന്ന് നോവലിസ്റ്റ് അജയ് പി. മങ്ങാട്ടും, എഴുത്തില്‍ സത്യസന്ധതയ്ക്കാണ് പ്രാധാന്യമെന്ന് ബാബു എബ്രഹാമും പറഞ്ഞു. രാജ്യത്തെ പൊതു യാത്രാ സൗകര്യങ്ങള്‍ ഭിന്നശേഷി സൗഹൃദമാകണമെന്ന് യുവപ്രതിഭ ആസിം വെളിമണ്ണ ആവശ്യപ്പെട്ടു. ലഹരിക്കെതിരെ ബോധവല്‍ക്കരണവും രാഷ്ട്രീയ പങ്കാളിത്തവും അനിവാര്യമാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഐഎഎസ്, യുവജന നേതാക്കളായ വി. വസീഫ്, അഡ്വ. ജനീഷ് ഒ.ജെ, എബിന്‍ വര്‍ക്കി എന്നിവര്‍ പങ്കെടുത്ത 'ബിയോണ്ട് ദി ഹാഷ്ടാഗ്' സംവാദം ചൂണ്ടിക്കാട്ടി.

വിവിധ വിഷയങ്ങളിലെ സംവാദങ്ങള്‍ക്കൊപ്പം സാങ്കേതിക വിദ്യയുടെയും വേഗതയുടെയും പുതിയ ലോകമാണ് സമ്മിറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഭാവിയിലെ റോബോട്ടിക്‌സ് വിപ്ലവത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 'റോബോവേഴ്‌സ്', പുതുതലമുറയുടെ ആവേശമായ ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങളും ഗെയിമിംഗ് ഇന്‍ഡസ്ട്രിയിലെ ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്ന 'ഗെയിം വേഴ്‌സ്' എന്നിവ കാണാന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് എത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും നമ്മുടെ ദൈനംദിന ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ റോബോവേഴ്‌സ് പ്രദര്‍ശിപ്പിച്ചു. കൂടാതെ, അത്യാധുനിക വാഹനങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും വിസ്മയക്കാഴ്ചകളുമായി 'ഫെസ്റ്റിവല്‍ ഓഫ് സ്പീഡ്' എന്ന ഓട്ടോ എക്‌സ്‌പോയും സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചു.

Content Highlights: Jain university conduct summit of future 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us