'സഞ്ജുവിന്റെ സാന്നിധ്യം CSKയില്‍ റുതുരാജിന് ഗുണം ചെയ്യും'; റോയല്‍സിനെതിരായ മത്സരത്തിന് മുൻപ് ഇർഫാൻ പത്താൻ

രാജസ്ഥാൻ റോയൽസിനെ സഞ്ജുവിനേക്കാൾ നന്നായി മറ്റാർക്കും അറിയില്ലെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്

'സഞ്ജുവിന്റെ സാന്നിധ്യം CSKയില്‍ റുതുരാജിന് ഗുണം ചെയ്യും'; റോയല്‍സിനെതിരായ മത്സരത്തിന് മുൻപ് ഇർഫാൻ പത്താൻ
dot image

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിലേക്കുള്ള സഞ്ജു സാംസണിന്റെ വരവ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് തങ്ങളുടെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ‌ റോയൽസിനെതിരെ ഇറങ്ങുന്നതിന് മുന്നോടിയായാണ് മുൻ താരത്തിന്റെ പ്രതികരണം. രാജസ്ഥാനെ നേരിടുമ്പോൾ സിഎസ്കെയിൽ സഞ്ജുവിന്റെ സാന്നിധ്യവും ധോണിയുടെ പിന്തുണയും റുതുരാജിന് കൂടുതല്‍ കരുത്താകുമെന്നും പത്താന്‍ അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ റോയൽസിനെ സഞ്ജുവിനേക്കാൾ നന്നായി മറ്റാർക്കും അറിയില്ലെന്നാണ് ഇർഫാൻ പത്താൻ പറയുന്നത്. 'സഞ്ജുവിന്റെ സാന്നിധ്യം ചെന്നൈയ്ക്ക് വലിയ ഗുണം ചെയ്യും. പവർപ്ലേയിലെ സമീപനം, മിഡിൽ ഓവറുകളിലെ തന്ത്രങ്ങൾ, ബൗളർമാരുടെ മാനസികാവസ്ഥ എന്നിവയെക്കുറിച്ചെല്ലാം സഞ്ജുവിന് വ്യക്തമായ ധാരണയുണ്ട്. രാജസ്ഥാനിലെ ഒട്ടുമിക്ക യുവതാരങ്ങളും സഞ്ജുവിന്റെ കീഴിൽ കളിച്ചവരാണ്. ആ 'ഇൻസൈഡ് ഇൻഫോ' ചെന്നൈയ്ക്ക് വലിയ മുൻതൂക്കം നൽകും', ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പത്താൻ വ്യക്തമാക്കി.

മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽനിന്നുള്ള കൂടുമാറ്റത്തിനുശേഷം ചെന്നൈ സൂപ്പർ കിം​ഗ്സിൽ ആദ്യ സീസണിനിറങ്ങുകയാണ്. ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിൽ സഞ്ജു ആദ്യം ഇറങ്ങുന്നത് മുൻ ടീമായ രാജസ്ഥാൻ റോയൽസിനെതിരെയാണ് എന്നതാണ് പ്രത്യേകത. മാർച്ച് 30ന് ​ഗുവാഹത്തിയിലാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിം​ഗ്സും നേർക്കുനേർ ഇറങ്ങുന്നത്. ചെന്നൈ സൂപ്പർ കിം​ഗ്സിൽ നിന്ന് രാജസ്ഥാൻ റോയൽസിലെത്തിയ സൂപ്പർ‌ താരം രവീന്ദ്ര ജഡേജയും തന്റെ മുൻ ക്ലബ്ബിനെതിരെയാണ് സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

Content Highlights: Sanju Samson’s presence will ease pressure on Ruturaj Gaikwad says Irfan Pathan

dot image
To advertise here,contact us
dot image