

ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ട്വന്റി-20യിൽ ഇഷാൻ കിഷൻ ഫോമായതോട് കൂടി സഞ്ജു സാംസണ് മുന്നറിയിപ്പ് നൽകി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്ര. സഞ്ജു ഫോമായില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ നിന്നും സ്ഥാനം തെറിക്കുമെന്നാണ് ചോപ്ര സൂചിപ്പിച്ചത്.
ആദ്യ മത്സരത്തിൽ 10 റൺസ് നേടി മടങ്ങിയ താരം രണ്ടാം മത്സരത്തിൽ വെറും ആറ് റൺസ് നേടി പുറത്തായി. രണ്ടാം മത്സരത്തിൽ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച കിഷൻ 76 റൺസ് നേടി കളിയിലെ താരമായി.
'റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ 32 പന്തിൽ 76 റൺസ് അടിച്ചുകൂട്ടിയ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിലെ തൻറെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. പരിക്കേറ്റ തിലക് വർമ മടങ്ങിയെത്തിയാൽ സഞ്ജുവിന് പകരം ഇഷാനെ ടീമിൽ നിലനിർത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ തിരുവന്തപുരം കാര്യവട്ടത്ത് സ്വന്തം നാട്ടിൽ ഈ പരമ്പരയിലെ അവസാന ടി 20 യിൽ ഇന്ത്യ കളിക്കുമ്പോൾ സഞ്ജു ബെഞ്ചിലാവാനാണ് സാധ്യത, ചോപ്ര പറഞ്ഞു.
തിരിച്ചുവരവുകൾ അരങ്ങേറ്റത്തേക്കാൾ കഠിനമാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിട്ടും രണ്ടാം മത്സരത്തിൽ ഇഷാൻ കാണിച്ച ആത്മവിശ്വാസം പ്രശംസനീയമാണ്. സഞ്ജു ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. റൺസ് കണ്ടെത്തിയാൽ മാത്രമേ സഞ്ജുവിന് ഇനി ടീമിൽ പിടിച്ചുനിൽക്കാനാകൂ,' ചോപ്ര കൂട്ടിച്ചേർത്തു.
ഇഷാൻ കിഷൻറെ ഈ അവസരം ഭാഗ്യം കൊണ്ടുകൂടി വന്നതാണെന്ന് ചോപ്ര നിരീക്ഷിക്കുന്നു. ടീമിലെ വൈസ് ക്യാപ്റ്റനെ മാറ്റിയതും, തിലക് വർമയ്ക്ക് പരിക്കേറ്റതും ഇഷാന് അവസരം നൽകി. സർഫറാസ് ഖാനെപ്പോലെ വലിയ റൺസ് എടുക്കുന്നവർ പോലും ടീമിൽ ഇടം കിട്ടാതെ നിൽക്കുമ്പോൾ, കിട്ടിയ അവസരം ഇഷാൻ കൃത്യമായി ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസിലാൻഡിനെതിരെ രണ്ടാം ടി-20 യിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 209 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇഷാൻ കിഷാന്റെയും സൂര്യകുമാർ യാദവിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
32 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷനാണ് കളിയിലെ താരമായത്. സൂര്യകുമാർ യാദവ് 37 പന്തിൽ പുറത്താവാതെ 82 റൺസും നേടി. ശിവം ദുബെ 18 പന്തിൽ 36 റൺസെടത്തു. മലയാളി താരം സഞ്ജു സാംസൺ (6) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. അഭിഷേക് ശർമയ്ക്കും തിളങ്ങാനായില്ല. പൂജ്യത്തിനാണ് താരം പുറത്തായത്.
Content Highlights: No Sanju Samson ,It could be Ishan who will play in Thiruvananthapuram