വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു
dot image

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറും. ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരളത്തിൻ്റെ അടിസ്ഥാന വികസന സൗകര്യത്തിൻ്റെ കാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പുതിയ അധ്യായമാണെന്ന് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറും. നാടിൻറെ സ്വപ്ന പദ്ധതിയായിരുന്നു വിഴിഞ്ഞം. പ്രതിസന്ധികൾ ധാരാളം ഉണ്ടായിരുന്നു. തടസ്സങ്ങൾ കൊണ്ട് സ്തംഭിച്ച് നിൽക്കാൻ നമുക്ക് കഴിയില്ലെന്നും മുന്നോട്ട് പോയെ മതിയാകൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

2016ന് മുമ്പ് യുഡിഎഫ് കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായത് എൽഡിഎഫ് സർക്കാരിനാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. നാടിന്റെ സ്വപ്നമായിരുന്നു വിഴിഞ്ഞം. എത്രയോ പതിറ്റാണ്ട് ആ സ്വപ്നം പേറി നടന്നു. ഓരോ വട്ടവും വലിയ തടസ്സങ്ങൾ ഉണ്ടായി. വിഴിഞ്ഞം പ്രാവർത്തികം ആകാനുള്ള നടപടികൾ തുടങ്ങിയപ്പോൾ പ്രയാസങ്ങൾ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയും. വലിയ തോതിൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍ർത്തു.

അന്താരാഷ്ട്ര ഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാട് കേട്ടിരുന്ന പ്രധാന ആക്ഷേപം ഇവിടെ ഒന്നും നേരെ ചൊവ്വേ നടക്കില്ലെന്നായിരുന്നു. ഇതിൻ്റെ പേരിൽ നമ്മളെ ആക്ഷേപിച്ചവരും പരിഹസിച്ചവരും ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. അവർക്ക് മറുപടി നൽകിയത് ഇത് പോലുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കിയാണ്. ഇവിടെ പലതും നടക്കും എന്ന അവസ്ഥയിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാഗത പ്രസംഗത്തിൽ കേന്ദ്രമന്ത്രിയെ വേദിയിൽ ഇരുത്തി മന്ത്രി ശിവൻകുട്ടി വിമർശനം ഉന്നയിച്ചിരുന്നു. തൂത്തുക്കുടി തുറമുഖത്തിന് ലഭിച്ച പരിഗണന വിഴിഞ്ഞം തുറമുഖത്തിന് കിട്ടിയില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. പലിശ സഹിതം പണം തിരിച്ചു വാങ്ങുന്നത് കേരളത്തെ കടക്കെണിയിലാക്കാനുള്ള ശ്രമമാണെന്നും കേന്ദ്രത്തിൻ്റേത് ഫെഡറൽ സംവിധാനത്തോടുളള വെല്ലുവിളിയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വിസ്മയമാകുന്നുവെന്നായിരുന്നു ചടങ്ങിൽ സംസാരിച്ച വി എൻ വാസവൻ വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖത്ത് ഒരേ സമയം അഞ്ച് മദർഷിപ്പുകൾക്ക് നങ്കൂരമിടാനാവുമെന്നും വി എൻ വാസവൻ ചൂണ്ടിക്കാണിച്ചു. നിരവധി പ്രതിസന്ധികൾ നിർമ്മാണ പ്രവർത്തനത്തിനിടെ ഉണ്ടായെന്നും 2028ൽ നിർമ്മാണം പൂർത്തിയാക്കാണ കഴിയുക എന്നത് ചെറിയ കാര്യമല്ലെന്നും വാസവൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നുവെന്നായിരുന്നു ചടങ്ങിൽ സംസാരിച്ച കരൺ അദാനി പറഞ്ഞത്. ഒരു സർ‌ക്കാരിൻ്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം തുറമുഖമെന്നും കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണെന്നും കരൺ അദാനി കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്കും കരൺ അദാനി എടുത്ത് പറഞ്ഞു. രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചുവെന്നും കരൺ അദാനി ചൂണ്ടിക്കാണിച്ചു.

Content Highlights: Kerala Chief Minister Pinarayi Vijayan inaugurated the second phase construction of Vizhinjam International Seaport on January 24, 2026. The ₹9,700–16,000 crore expansion includes new berths, railway yard, and land reclamation to boost cargo capacity and position Vizhinjam as a major transshipment hub.

dot image
To advertise here,contact us
dot image