

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തരൂരിന് അതൃപ്തിയില്ലെന്നും അദ്ദേഹം എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഒരാളല്ല. ഇന്നലെ വരാതിരുന്നത് മുന്‍കൂട്ടി നിശ്ചയിച്ച ഒരു പരിപാടിയുണ്ടായിരുന്നതിനാലാണെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശശി തരൂര്‍ രാഷ്ട്രീയ നേതാവ് മാത്രമല്ലെന്നും അദ്ദേഹം ഒരു എഴുത്തുകാരനും പ്രാസംഗികനുമൊക്കെയാണെന്നും തങ്ങളെല്ലാം പൂര്‍ണമായും പാര്‍ട്ടിക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാലാണ് തങ്ങളെ പോലെ എല്ലാ പരിപാടികളിലും പൂര്‍ണമായും പങ്കെടുക്കാന്‍ തരൂരിന് കഴിയാത്തത് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി ബിജെപി സര്‍ക്കാരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒറീസയില്‍ ഒരു വൈദികനെ ചാണകം തീറ്റിച്ചിരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഏറ്റവുമധികം പീഡനങ്ങളും പ്രശ്‌നങ്ങളുമുണ്ടാകുന്നത്. ആര് വിചാരിച്ചാലും ഇത് നിര്‍ത്താനാവില്ല. കാരണം അത് ബിജെപി അജണ്ടയാണ്. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായും അകറ്റുന്ന, ക്യാബിനറ്റില്‍ പോലും അവരെ നിലനിര്‍ത്താത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. അവിടെ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം എസ്‌ഐആറില്‍ നിന്ന് ന്യൂനപക്ഷ വിഭാഗക്കാരെ ഒഴിവാക്കാനുള്ള ശ്രമം ബിജെപി കേരളത്തില്‍ നടത്തുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നും മുസ്‌ലിങ്ങളുടെ പേര് നീക്കം ചെയ്യാന്‍ ശ്രമം നടന്നെന്നും ഇക്കാര്യം കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ വിവിധയിടങ്ങളില്‍ ബിജെപി ഇടപെട്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് വെട്ടിക്കളയുന്നുവെന്ന് പരാതികളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlight; Ramesh Chennithala denies reports that Shashi Tharoor is unhappy with Congress leadership