പിണക്കം മാറ്റാൻ നിങ്ങളുടെ ഹിന്ദു ക്യാപ്റ്റനെ ഉപയോഗിക്കൂ; ബംഗ്ലാദേശിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം

. സുരക്ഷാപരമായ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്

പിണക്കം മാറ്റാൻ നിങ്ങളുടെ ഹിന്ദു ക്യാപ്റ്റനെ ഉപയോഗിക്കൂ; ബംഗ്ലാദേശിന് ഉപദേശവുമായി മുൻ ഇന്ത്യൻ താരം
dot image

ടി20 ലോകകപ്പിലെ വേദിമാറ്റം സംബന്ധിച്ചുയർന്ന ഇന്ത്യ-ബംഗ്ലാദേശ് തർക്കം പരിഹരിക്കാൻ ഹിന്ദുവായ ലിറ്റൺ ദാസിൻറെ ബംഗ്ലാദേശ് നായകസ്ഥാനം ഒരു അവസരമായി കാണണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അതുൽ വാസൻ. 2026-ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്(ബിസിബി) ഉറച്ചു നിൽക്കുന്നതിനിടെയായിരുന്നു വാസൻറെ പ്രതികരണം. ഒടുവിൽ ബംഗ്ലാദേശ് ലോകകപ്പിൽ നിന്നും പിന്മാറിയിരുന്നു.

ബംഗ്ലാദേശ് ടീമിന്റെ നായകൻ ലിറ്റൺ ദാസ് ഒരു ഹിന്ദുവാണ് എന്ന വസ്തുത ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കണമെന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ അതുൽ വാസൻ പറഞ്ഞു. ലോകകപ്പ് മത്സരങ്ങൾ അവസാന നിമിഷം മാറ്റുന്നത് ഐസിസിക്ക് വലിയ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നും വാസൻ പറഞ്ഞു.

'അവസാന നിമിഷം മത്സരങ്ങൾ മാറ്റുക എന്നത് ഐസിസിയെ സംബന്ധിച്ച് വളരെ തലവേദന നിറഞ്ഞ കാര്യമാണ്. ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ വളരെക്കാലമായി നടക്കുന്നതാണ്. ടൂർണമെൻറ് ഇത്ര അടുത്തെത്തി നിൽക്കെ മത്സരങ്ങൾ മാറ്റുക അസാധ്യമാണ്. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ട്. നിങ്ങളുടെ ക്യാപ്റ്റൻ ഒരു ഹിന്ദുവാണ്. അതുകൊണ്ടുതന്നെ ഈ ടൂർണമെൻറിനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി ബംഗ്ലാദേശ് കാണണം,' അതുൽ വാസൻ പറഞ്ഞു.

അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറിയിരിക്കുകയാണ്. സുരക്ഷാപരമായ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാനാകില്ലെന്നും വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻറെ ആവശ്യം ഐസിസി തള്ളിയതിന് പിന്നാലെയാണ് ബംഗ്ലാദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചത്.

ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഐസിസിയെ അറിയിക്കണമെന്നിരിക്കെയാണ് കഴിഞ്ഞ ദിവസം ലോകകപ്പ് ബഹിഷ്‌കരിക്കുകയാണെന്നും ഇന്ത്യയിലേക്കില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ അറിയിച്ചത്.

Content Highlights - Ex-India Star's Big Advice To Bangladesh Amid T20 World Cup Row

dot image
To advertise here,contact us
dot image