'നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു, നോർവേ സർക്കാർ മനഃപൂർവ്വം നൽകിയില്ല'; വീണ്ടും അമർഷം പ്രകടമാക്കി ട്രംപ്

താന്‍ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിച്ചെന്നും നൊബേല്‍ ലഭിക്കേണ്ടതായിരുന്നുവെന്നും ട്രംപ്

'നൊബേൽ സമ്മാനം ലഭിക്കേണ്ടതായിരുന്നു, നോർവേ സർക്കാർ മനഃപൂർവ്വം നൽകിയില്ല'; വീണ്ടും അമർഷം പ്രകടമാക്കി ട്രംപ്
dot image

വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാത്തതിലെ അമര്‍ഷം വീണ്ടും പ്രകടമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ച തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. നോര്‍വീജിയന്‍ സര്‍ക്കാരിനെ ഉന്നം വെച്ചായിരുന്നു ട്രംപിന്റെ പ്രതികരണം.

നോര്‍വീജിയന്‍ സര്‍ക്കാര്‍ തനിക്ക് മനഃപൂർവ്വം നൊബേല്‍ സമ്മാനം നല്‍കാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. നൊബേല്‍ സമ്മാനത്തില്‍ സര്‍ക്കാരിന് ഒരു അധികാരവും ഇല്ലെന്ന് നോര്‍വേ പ്രധാനമന്ത്രി ജൊനാസ് ഗഹ്ര്‍ വ്യക്തമാക്കിയിട്ടും ട്രംപ് നോര്‍വേ സര്‍ക്കാരിനെ ഉന്നം വെക്കുകയായിരുന്നു. 'ഓരോ യുദ്ധം അവസാനിപ്പിച്ചതിനും നൊബേല്‍ സമ്മാനം ലഭിക്കേണ്ടതായിരുന്നു. പക്ഷേ ഞാന്‍ അത് പറയില്ല. ഞാന്‍ ലക്ഷക്കണക്കിന് മനുഷ്യരെ രക്ഷിച്ചു. നൊബേല്‍ നോര്‍വേ നിയന്ത്രിക്കുന്നില്ലെന്ന് പറയരുത്. നോര്‍വേയ്ക്ക് അതില്‍ ഒരു നിയന്ത്രണമുണ്ട്', ട്രംപ് പറഞ്ഞു.

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം തനിക്ക് സമ്മാനിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയെയും ട്രംപ് പ്രശംസിച്ചു. തനിക്ക് മരിയയോട് ബഹുമാനമുണ്ടെന്ന് ട്രംപ് പറഞ്ഞു. മരിയ ഈ പുരസ്‌കാരത്തിന് അര്‍ഹയല്ലെന്നും താനാണ് അര്‍ഹനെന്നും പറഞ്ഞതായി ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നൊബേല്‍ സമ്മാനം മറ്റൊരാള്‍ക്ക് കൈമാറാന്‍ പറ്റില്ലെന്ന് നൊബേല്‍ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎസിൽ വീണ്ടും അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ട്രംപിൻ്റെ ഭീഷണി. ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശ വാദം വീണ്ടും ട്രംപ് ആവര്‍ത്തിച്ചു. ആണവ യുദ്ധത്തിലേക്ക് പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Donald Trump again claims he deserves the Nobel Peace Prize

dot image
To advertise here,contact us
dot image