പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച; 73 പവൻ നഷ്ടമായി, CCTV ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി

കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്

പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച; 73 പവൻ നഷ്ടമായി, CCTV ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളി
dot image

കോട്ടയം: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പുതുപ്പള്ളിയിലെ റബ്ബര്‍ ബോര്‍ഡ് ഗവേഷണകേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. റബ്ബര്‍ ബോര്‍ഡിന്റെ ജീവനക്കാര്‍ക്കുള്ള താമസസ്ഥലത്തെ രണ്ട് ക്വാര്‍ട്ടേഴ്‌സിലായാണ് കവര്‍ച്ച നടന്നത്. 73 പവന്‍ സ്വര്‍ണം നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമേ മൂന്ന് ക്വാര്‍ട്ടേഴ്സുകളില്‍ കവര്‍ച്ചാശ്രമവുമുണ്ടായി.

കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. തിങ്കളാഴ്ച രാത്രി 12-ന് ശേഷമാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്. മോഷണം നടത്താന്‍ ശ്രമിച്ച ക്വാര്‍ട്ടേഴ്‌സുകളുടെ മുന്‍വാതില്‍ ഭാഗികമായി കുത്തിത്തുറന്ന നിലയിലാണ്. വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

ക്വാര്‍ട്ടേഴ്സുകളില്‍ സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. പലരും നാട്ടിലും മറ്റ് പരിപാടികള്‍ക്കുമായി പോയ സമയത്തായിരുന്നു സംഭവം. പലരും മോഷണവിവരം അറിഞ്ഞത് രാവിലെ തിരികെയെത്തിയപ്പോഴാണ്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.

കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. 100 ഏക്കര്‍ വരുന്ന ഗവേഷണ സ്ഥാപനത്തില്‍ സിസിടിവി ഇല്ലെന്നതും പൊലീസിന് വെല്ലുവിളിയാണ്.

Content Highlights: gold theft reported in puthuppally rubber board research centre staff quarters

dot image
To advertise here,contact us
dot image