

കുഞ്ചാക്കോ ബോബന്‍ നായകനായി 2000ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയം. സനല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദീപ നായര്‍ ആയിരുന്നു ചിത്രത്തിലെ നായിക. കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിച്ച നടി പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. പ്രിയം നടിയുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു. വിവാഹത്തിന് ശേഷം നടി പിന്നീട വിദേശത്തേക്കും കടന്നു. ഇപ്പോഴിതാ പ്രിയം സിനിമയെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.
ദീപാ നായര്‍ക്ക് സിനിമയില്‍ ആഗ്രഹിക്കാന്‍ താല്പര്യമുള്ളതു കൊണ്ട് ദീപാ നായരുടെ അച്ഛനാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നും തന്റെ അച്ഛനല്ല ഈ സിനിമ നിര്‍മിച്ചതെന്നും താന്‍ എങ്ങിനാണ് സിനിമയിലെത്തിയതെന്നുമെല്ലാം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവച്ചിരിക്കുന്നത്.
'കുഞ്ചാക്കോ ബോബനോടൊന്നിച്ച് അഭിനയിക്കാനായി എന്റെ അച്ഛനാണ് പ്രിയം എന്ന സിനിമ നിര്‍മിച്ചത് എന്നൊരു കള്ളകഥ പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ആ സിനിമ പ്രൊഡ്യൂസ് ചെയ്തത് കെ. കെ നായര്‍ സര്‍ ആണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കെ.കെ. നായരുടെ കൊച്ചുമകള്‍ തന്നെ വിളിച്ച് സംസാരിച്ചപ്പോള്‍ ഏറെ സങ്കടം തോന്നി. ആ കുടുംബം നിര്‍മിച്ച ഒരേയൊരു സിനിമയായിരുന്നു പ്രിയം. എന്നാല്‍ ചിത്രത്തിന്റെ ക്രെഡിറ്റ് പലപ്പോഴും താന്‍ പോലുമറിയാതെ തന്റെ അച്ഛനിലേക്ക് എത്തിയതില്‍ ആ കുടുംബത്തിന് വലിയ വിഷമമുണ്ട്. തങ്ങള്‍ ചെയ്ത വലിയൊരു കാര്യത്തിന്റെ അംഗീകാരം മറ്റൊരാള്‍ക്ക് പോകുമ്പോഴുള്ള വേദനയാണ് അവര്‍ പങ്കുവച്ചത്.
ഞാന്‍ ഈ സിനിമയിലേക്ക് സിനിമാറ്റോഗ്രാഫര്‍ വിപിന്‍ മോഹന്‍ അങ്കിളും അദ്ദേഹത്തിന്റെ ഭാര്യ ഗിരിജ ആന്റിയും കാരണമാണ് എത്തിയത്. ഒരു ദിവസം വിപിന്‍ മോഹനും ഗിരിജ ആന്റിയും വീട്ടില്‍ വന്നിരുന്നു. അന്ന് അവര്‍ അച്ഛനോടു പറഞ്ഞു കുഞ്ചാക്കോ ബോബന്‍ നായകനായിട്ട് വരുന്നതാണ് അടുത്ത സിനിമ അതിലേക്ക് ഒരു നായികയെ അന്വേഷിക്കുന്നുണ്ടെന്ന്. ആ സമയത്ത് ഞാന്‍ എഞ്ചീനീയറിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കാലമായിരുന്നു. അന്ന് ഗൃഹലക്ഷമിയില്‍ മുഖചിത്രമായി എന്റെ ഫോട്ടോ വന്നിരുന്നു.ആ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ട് മകളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താല്പര്യമുണ്ടോ എന്ന് അച്ഛനോട് ചോദിച്ചു. അച്ഛനും അമ്മയ്ക്കും തീരെ താല്പര്യമില്ലായിരുന്നു. കാരണം സിനിമയുമായിട്ട് ഞങ്ങളുടെ ഫാമിലിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. പക്ഷെ വിപിന്‍ അങ്കിള്‍ അച്ഛനോട് പേടിക്കേണ്ട ആവശ്യമില്ലെന്നും നല്ല കഥാപാത്രമാണെന്നും പറഞ്ഞ്് സമ്മതിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ ആ സിനിമയിലെത്തുന്നത്'-ദീപാ നായര്‍ പറഞ്ഞു.
Content Highlights: priyam heroine deepa nair about priyam movie producer