ഉള്ളിക്കും പരിപ്പിനും രക്ഷയില്ല; യുദ്ധം നിങ്ങളുടെ കീശയും കാലിയാക്കും

2025-ല്‍ ഇന്ത്യ ഇറാനിലേക്ക് ഏകദേശം 120 കോടി ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഇതില്‍ പ്രധാനമായുമുള്ളത് കാര്‍ഷിക ഉല്‍പ്പന്നങ്ങളായിരുന്നു

ഉള്ളിക്കും പരിപ്പിനും രക്ഷയില്ല; യുദ്ധം നിങ്ങളുടെ കീശയും കാലിയാക്കും
dot image

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ഇന്ത്യക്കാരേയും ബാധിക്കുന്നു. രാജ്യത്തെ ഉപഭോക്തൃ മേഖലയില്‍ യുദ്ധത്തിന്റെ പ്രതികൂല സ്വാധീനം പ്രകടമായി തുടങ്ങി. പരിപ്പ്, പയറ് പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു. അരി, വസ്ത്രങ്ങള്‍, രത്‌നങ്ങള്‍, ഇലക്ട്രോണിക്സ്, ഐടി സേവനങ്ങള്‍ തുടങ്ങിയ കയറ്റുമതികള്‍ വൈകുന്നതും പ്രതിസന്ധിയാവും.

shipping

കപ്പല്‍ഗതാഗത മാര്‍ഗങ്ങളിലെ സമ്മര്‍ദ്ദവും വിമാനങ്ങള്‍ റദ്ദാക്കിയതും കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുകയാണ്. ഇത് ചരക്കുകളുടെ വില അനിശ്ചിതത്വത്തിന് കാരണമാവുന്നു. ലോജിസ്റ്റിക്‌സ് പുനഃപരിശോധിക്കേണ്ടി വരുന്നതിനാല്‍ വര്‍ധിച്ച ചെലവ് നിയന്ത്രിക്കാന്‍ സാധിക്കാതെ വരും.

നിത്യോപയോഗ സാധനങ്ങളുടെ വിപണി സമ്മര്‍ദ്ദത്തിലാകും

പരിപ്പ്, അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളികളയാനാവില്ല. യുദ്ധം ഒരാഴ്ചക്കപ്പുറം നീണ്ടാല്‍ പരിപ്പ് പോലുള്ളവയുടെ വില ഉയരുമെന്ന് ഓള്‍ ഇന്ത്യ ദാല്‍ മില്‍ അസോസിയേഷന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇന്ത്യ വര്‍ഷംതോറും ഏകദേശം 5.6 കോടി ടണ്‍ പരിപ്പ്, ഉഴുന്ന്, പയര്‍വര്‍ഗങ്ങള്‍ എന്നിവ മ്യാന്‍മാര്‍, കാനഡ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഗതാഗത ചെലവ് ഉയര്‍ന്നാല്‍ ഇറക്കുമതി വില കൂടും. അതോടെ ചെറുകിട വില്‍പ്പന വിലയും ഉയര്‍ന്ന് ഭക്ഷ്യ വിലക്കയറ്റ സമ്മര്‍ദ്ദം വര്‍ധിക്കും.

കയറ്റുമതി പ്രതിസന്ധി കര്‍ഷകര്‍ക്ക് നഷ്ടം വരുത്തും

കപ്പല്‍ ചരക്ക് നീക്കം പ്രതിസന്ധിയിലായതോടെ ഇന്ത്യയുടെ പശ്ചിമേഷ്യയിലേക്കുള്ള ഉള്ളി കയറ്റുമതി നിലച്ചു. റമദാന്‍ കാലത്ത് വിദേശ ആവശ്യകത ഉയര്‍ന്നിരിക്കെ കയറ്റുമതി സാധനങ്ങള്‍ തുറമുഖങ്ങളില്‍ കെട്ടികിടക്കുകയാണ്. ഇന്ത്യയുടെ ഉള്ളി കയറ്റുമതിയുടെ ഏകദേശം 15 ശതമാനവും പശ്ചിമേഷ്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഇതിനിടെ ആഭ്യന്തര വിപണിയില്‍ ഉള്ളിവില കിലോയ്ക്ക് ഏകദേശം 9 രൂപ മുതല്‍ 10 രൂപ മാത്രമായതിനാല്‍ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. ചരക്ക് നീക്ക പ്രതിസന്ധി മറികടന്നാലും പ്രാദേശിക നിയന്ത്രണങ്ങളും ഉത്സവകാലവും മൂലം വിദേശ കയറ്റുമതി പ്രതീക്ഷിച്ച രീതിയില്‍ ഉയരില്ലെന്ന് കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

export

അതേസമയം, അരി കയറ്റുമതിക്ക് വ്യത്യസ്തമായ സ്വാധീനം ഉണ്ടാകാം. ഇന്ത്യന്‍ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഇറാനും ഗള്‍ഫ് രാജ്യങ്ങളുമായി പുതിയ കരാറുകള്‍ എടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ചരക്ക് ഇന്ത്യന്‍ തുറമുഖത്ത് കപ്പലില്‍ കയറ്റുന്നത് വരെ മാത്രം ഉത്തരവാദിത്തമുള്ള ഫ്രീ ഓണ്‍ ബോര്‍ഡ് അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കി. ഇതിലൂടെ കപ്പല്‍ച്ചെലവും ഇന്‍ഷുറന്‍സ് അപകടസാധ്യതയും വാങ്ങുന്നവരുടെ മേല്‍ വരും. ഈ കരാര്‍ പ്രകാരം ചരക്ക് ഇന്ത്യന്‍ തുറമുഖത്ത് കപ്പലില്‍ കയറ്റുന്നത് വരെ മാത്രമാണ് വില്‍പ്പനക്കാരന് ഉത്തരവാദിത്വം ഉണ്ടായിരിക്കുക. ഇപ്പോഴത്തെ യുദ്ധ സാഹചര്യത്തില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്ന് രക്ഷിക്കാനാണ് ഈ നിര്‍ദേശം.

നിലവില്‍ ഇതിനകം നിശ്ചിത വിലയില്‍ കരാര്‍ ചെയ്തിട്ടുള്ള കയറ്റുമതിക്കാര്‍ക്ക് വലിയ നഷ്ടമുണ്ടായേക്കും. ഇന്‍ഷുറന്‍സ് പ്രീമിയവും ഗണ്യമായി ഉയരാന്‍ ഇടയുണ്ട്. 2025-ല്‍ ഇന്ത്യ ഇറാനിലേക്ക് ഏകദേശം 120 കോടി ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്തിരുന്നു. ഇതില്‍ പ്രധാനമായുമുള്ളത് കാര്‍ഷിക ഉല്‍പ്പന്നങ്ങളായിരുന്നു. അരി, വാഴപ്പഴം, തേയില എന്നിവയാണ് പ്രധാനമായും ഇറാനിലേക്ക് കയറ്റുമതി ചെയ്തത്. പെട്രോളിയം കോക്ക്, ആപ്പിള്‍, ഈന്തപ്പഴം തുടങ്ങിയവ ഇന്ത്യയും ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തു. സംഘര്‍ഷം മൂലം ഗതാഗതച്ചെലവും ഇന്‍ഷുറന്‍സ് ചെലവും ഉയര്‍ന്നാല്‍ നിലവിലെ വ്യാപാരബന്ധങ്ങള്‍ക്കും സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്.

വസ്ത്ര മേഖലയ്ക്കും പ്രതിസന്ധി

ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബാധിക്കാവുന്നത് ടെക്‌സ്‌റ്റൈല്‍ മേഖലയുടെ കയറ്റുമതിയാണ്. യുഎസിലേക്കും യൂറോപ്പിലേക്കും പോകുന്ന കപ്പലുകള്‍ ഇനി ഗള്‍ഫ് പ്രദേശം ഒഴിവാക്കി അറ്റ്‌ലാന്റിക്ക് ചുറ്റിപ്പോകേണ്ടി വരുമെന്നതിനാല്‍ യാത്രാസമയം 20 മുതല്‍ 25 ദിവസം വരെ കൂടാന്‍ സാധ്യതയുണ്ട്. ഷിപ്പിംഗ് റൂട്ടുകള്‍ ഗള്‍ഫ് മേഖല ഒഴിവാക്കുന്നത് കയറ്റുമതിക്കാര്‍ക്ക് തിരിച്ചടിയായിരിക്കും. ഇത് ആഗോള രംഗത്തെ മത്സരത്തില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് സമ്മര്‍ദ്ദം വര്‍ധിപ്പിക്കും. ഇന്ത്യയുടെ നെയ്ത്ത് വസ്ത്രങ്ങളുടെ 40 ശതമാനത്തിലധികവും ഉല്‍പാദിപ്പിക്കുന്ന തിരുപ്പൂര്‍ പ്രതിസന്ധി നേരിടും. നിലവില്‍ കയറ്റുമതി ചെയ്ത ഉത്പ്പന്നങ്ങളുടെ ഷിപ്പിംഗ് വൈകിയാല്‍ പണം ലഭിക്കുന്നത് വൈകും. ഇത് പിഴ അടയ്ക്കുന്നതിലേക്ക് നയിക്കുകയും ഭാവിയിലെ ഓര്‍ഡറുകളേയും ബാധിക്കുകയും ചെയ്യും.

electronics sector

ഇലക്ട്രോണിക്സ്, ഐടി കയറ്റുമതികള്‍ക്കും ഭീഷണി

ഇന്ത്യയുടെ ഏകദേശം 4.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സ് കയറ്റുമതി പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ യുഎഇ ഇന്ത്യയില്‍ നിന്ന് 4.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സ് ഇറക്കുമതി ചെയ്തിട്ടുണ്ട്. അതില്‍ 3.1 ബില്യണ്‍ ഡോളര്‍ സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. എന്നാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ ഈ കയറ്റുമതികള്‍ക്ക് തടസം സൃഷ്ടിച്ചേക്കും.

ഇലക്ട്രോണിക്സ് കയറ്റുമതി വൈകുകയാണെങ്കില്‍ ഷിപ്പിംഗ് ചെലവ് കൂടുകയും ഐടി കമ്പനികളുടെ വരുമാന വളര്‍ച്ച മന്ദഗതിയിലാകും ചെയ്യും. ഇന്ത്യയുടെ കയറ്റുമതി വരുമാനത്തിലും സാമ്പത്തിക വളര്‍ച്ചയിലും ഇത് സമ്മര്‍ദ്ദം ഉണ്ടാകും.

Content Highlights: The Israel–Iran conflict is raising staple prices in India and disrupting exports due to shipping delays and higher logistics costs

dot image
To advertise here,contact us
dot image