

വനിതാ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്-യുപി വാരിയേഴ്സ് പോരാട്ടം ഇന്ത്യൻ ബാറ്റർ ഹര്‍ലീന്‍ ഡിയോളിന്റെ മധുരപ്രതികാരത്തിന്റെത് കൂടിയായിരുന്നു. ഡൽഹിക്കെതിരായ മത്സരത്തിൽ യുപി വാരിയേഴ്സ് താരമായ ഹർലീനെ അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയുള്ളപ്പോൾ കോച്ച് അഭിഷേക് നായർ റിട്ടേർഡ് ഔട്ടാക്കിയത് വലിയ വിവാദമായിരുന്നു. എന്നാൽ തൊട്ടടുത്ത മത്സരത്തിൽ ഫിഫ്റ്റിയടിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ച് പരിശീലകനുള്ള മറുപടി കളത്തിൽത്തന്നെ നൽകിയാണ് ഹർലീൻ കെെയടി നേടിയത്.
ഇപ്പോഴിതാ റിട്ടയർഡ് ഔട്ടാക്കിയതിൽ പ്രതികരിക്കുകയാണ് ഹർലീൻ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തതിന് ശേഷമായിരുന്നു ഹർലീന്റെ പ്രതികരണം.
'ടീമിന്റെ ആദ്യ വിജയത്തിൽ സന്തോഷം തോന്നുന്നു. ഇന്നലെയും ഞാൻ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. ഇന്നും വ്യത്യസ്തമായി ഒന്നും ചെയ്തിട്ടില്ല. എനിക്ക് കുറച്ച് ബൗണ്ടറികൾ ലഭിച്ചെന്നുമാത്രം, ചിലപ്പോൾ ഇത് ഞങ്ങളുടെ ദിവസമായിരിക്കും. ഞാൻ സാധാരണ രീതിയിലാണ് തയ്യാറെടുത്തത്. ഞാൻ ഇന്നലെയും നന്നായി ബാറ്റ് ചെയ്തിരുന്നു. റിട്ടയേർഡ് ഔട്ടായ സംഭവത്തിൽ സമ്മർദ്ദം ചെലുത്തുന്നതിൽ അർത്ഥമില്ല. ആദ്യത്തെ രണ്ട് മത്സരങ്ങൾ ഞാൻ വിചാരിച്ചതുപോലെ നടന്നില്ല. ഞാൻ നേരത്തെ ഓവർഹിറ്റ് ചെയ്യുകയായിരുന്നു. അത് ചെയ്യാനുള്ള വിക്കറ്റ് ഇതായിരുന്നില്ല', ഹർലീൻ പറഞ്ഞു.
മുംബൈയ്ക്കെതിരായ മത്സരത്തിൽ 20 ഓവറിൽ മുംബൈ ഉയർത്തിയ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എന്ന വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് യുപി ആദ്യവിജയം സ്വന്തമാക്കിയത്. യുപിയുടെ ടോപ് സ്കോററായത് ഹർലീൻ ഡിയോളായിരുന്നു. വെറും 39 പന്തിൽ 12 ഫോറുകൾ അടക്കം 64 റൺസാണ് താരം പുറത്താകാതെ നേടിയത്.
അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിൽ 36 പന്തില്‍ 47 റൺസുമായി ക്രീസില്‍ നിൽക്കവേയായിരുന്നു ഡിയോളിനോട് പരിശീലകന് അഭിഷേക് നായര്‍ റിട്ടയേര്‍ഡ് ഔട്ടായി കയറിവരാൻ ആവശ്യപ്പെട്ടത്. അര്‍ധസെഞ്ച്വറിക്ക് മൂന്ന് റണ്‍സ് മാത്രം അകലെയുള്ളപ്പോൾ അതും ഭേദപ്പെട്ട സ്ട്രൈക്ക് റേറ്റിൽ കളിക്കുമ്പോൾ കോച്ച് തിരിച്ചുവിളിച്ചത് ആദ്യം വിശ്വസിക്കാനാവാതിരുന്ന ഹര്‍ലീന്‍ എന്നോടാണോ എന്ന് ഡഗ് ഔട്ടിലേക്ക് വിരല്‍ചൂണ്ടി ചോദിക്കുന്നതും കാണാമായിരുന്നു. നിരാശ പരസ്യമായി പ്രകടിപ്പിച്ചാണ് ഹര്‍ലീൻ ഒടുവില്‍ തിരിച്ചു കയറിപ്പോയത്.
എന്നാല്‍ ഹര്‍ലീനെ തിരിച്ചുവിളിച്ച് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനായി അഭിഷേക് ക്രീസിലേക്ക് അയച്ച ട്രയോണിന് കാര്യമായി ഒന്നും ചെയ്യാനായില്ല. മൂന്ന് പന്ത് നേരിട്ട ട്രയോണ്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഹര്‍ലീന്‍ റിട്ടയേര്‍ഡ് ഔട്ടായശേഷം 18 പന്തില്‍ 13 റണ്‍സ് മാത്രമാണ് യുപി വാരിയേഴ്സിന് നേടാനായത്.
മറുപടി ബാറ്റിംഗില്‍ ഡല്‍ഹി അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. ഒരുപക്ഷെ ഹർലീൻ അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നെങ്കിൽ യുപിക്ക് ഇന്നലത്തെ മത്സരവും ജയിക്കാമായിരുന്നു.
content Highlights: 'I Was Batting Well Yesterday Too'; Harleen Deol reacts to being retired out in WPL 2026