'നരക തീയിൽ വെന്ത് മരിക്കണമെന്ന് ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയുന്നു'; പരിഹസിച്ച് സതീശൻ

'മാണി സാറിനെ എങ്ങനെയൊക്കെ അപമാനിക്കാം എന്ന് നോക്കിയവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയണം'

'നരക തീയിൽ വെന്ത് മരിക്കണമെന്ന് ശാപവാക്കുകൾ ചൊരിഞ്ഞവർ തന്നെ മാണി സാറിന് സ്മാരകം പണിയുന്നു'; പരിഹസിച്ച് സതീശൻ
dot image

തിരുവനന്തപുരം: കെ എം മാണിക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നരക തീയില്‍ വെന്ത് മരിക്കുമെന്ന് ശാപവാക്കുകള്‍ ചൊരിഞ്ഞവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയുന്നത് നല്ല കാര്യമെന്നാണ് സതീശന്‍ പറഞ്ഞത്. പത്ത് കൊല്ലമായപ്പോഴാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. മാണി സാറിനെ എങ്ങനെയൊക്കെ അപമാനിക്കാം എന്ന് നോക്കിയവരാണ് ഇപ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നത്. അവര്‍ തന്നെ മാണി സാറിന് സ്മാരകം പണിയണം. അതിന് തങ്ങള്‍ കൂടി നിമിത്തമായതില്‍ സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടും സതീശന്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് മുന്നണിയിലേക്ക് വരുമെന്ന് താന്‍ പറഞ്ഞിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, വ്യക്തികള്‍, വിവിധ സമൂഹങ്ങള്‍, സോഷ്യല്‍ ഗ്രൂപ്പുകള്‍ അടക്കം യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നാണ് താന്‍ പറഞ്ഞത്. എല്‍ഡിഎഫിലും എന്‍ഡിഎയിലുമുള്ള കക്ഷികള്‍ വരുമെന്ന് താന്‍ പറഞ്ഞിരുന്നു. അത് സത്യമായി. ഇന്ന് വയനാട്ടില്‍ ഒരാള്‍ സിപിഐഎം വിട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ക്കെതിരെ സിപിഐഎ കള്ളപ്രചാരണം നടത്തുകയാണെന്ന് സതീശന്‍ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍ സിപിഐഎമ്മില്‍ ചേരുമെന്നത് തെറ്റായ പ്രചാരണമാണ്. ഷാനിമോളുടെ പിതാവ് മരിച്ചിട്ട് അധികം ആയിട്ടില്ല. വീട്ടിലിരിക്കുന്ന അവരെ അപമാനിക്കുന്ന വിധത്തിലാണ് പ്രചാരണം. തനിക്കെതിരെയും പ്രചാരണമുണ്ട്. താന്‍ കൊള്ളക്കാരനാണെന്നാണ് പ്രചാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ ഫെന്നി നൈനാന്‍ അധിക്ഷേപിച്ചതിലും സതീശന്‍ പ്രതികരിച്ചു. സ്ത്രീകളെ ആര് അപമാനിച്ചാലും അത് അംഗീകരിക്കില്ല. പാര്‍ട്ടി താക്കീത് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ ശക്തമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ ടീം യുഡിഎഫാണ്. തങ്ങള്‍ തല്ലിപ്പിരിയില്ല. തല്ലിപ്പിരിയുന്നത് എല്‍ഡിഎഫാണ്. എല്‍ഡിഎഫ് ശിഥിലമാകുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സോണിയ ഗാന്ധിയുടെ പേര് സിപിഐഎം വെറുതെ വലിച്ചിഴച്ചു. കേസില്‍ സിപിഐഎം അനുഭാവികള്‍ അടക്കം ജയിലിലാണെന്ന് ഓര്‍ക്കണം. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ആളുകള്‍ ഇനിയും പുറത്തുണ്ട്. അവരെയും സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. വാജി വാഹനം അടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും ദേവസ്വം ബോര്‍ഡ് തുടങ്ങിയത് മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കട്ടെയെന്നും സതീശന്‍ പറഞ്ഞു.

Content Highlights- V D Satheesan against government over their decision to make memorial to k m mani

dot image
To advertise here,contact us
dot image