

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട്ട് മത്സരത്തിൽ ഇന്ത്യൻ പേസ് ബൗളർ അർഷ്ദീപ് സിങ്ങിനെ കളിപ്പിക്കാത്തത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആർ അശ്വിൻ.
അർഷ്ദീപ് എല്ലാ മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ സ്ഥാനം അർഹിക്കുന്ന കളിക്കാരനാണെന്ന് അശ്വിൻ യുട്യൂബ് ചാനലിൽ പറഞ്ഞു. അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുൾപ്പെട്ടതിനാലാണ് ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിന് ഇന്ത്യൻ ടീം മാനേജ്‌മെൻറ് വിശ്രമം അനുവദിച്ചത്.
എന്നാൽ ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റെടുത്തശേഷം ഇന്ത്യ കളിച്ച 13 ടി20 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് അർഷ്ദീപിന് ഇലവനിൽ അവസരം ലഭിച്ചത്.
അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പേസർമാരെ സെറ്റ് ചെയ്യാൻ വേണ്ടിയാണ് പ്രസിദ്ധ് കൃഷ്ണക്കും ഹർഷിത് റാണക്കും പ്ലേയിങ് ഇലവനിൽ നിരന്തരം അവസരം ലഭിക്കുന്നത് എന്നാണ് കരുതുന്നത്. ലോകകപ്പിന് മുമ്പ് മത്സര പരിചയം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അത് മനസിലാക്കാം. പക്ഷെ അർഷ്ദീപിൻറെ കാര്യം ആരും ചിന്തിക്കുന്നില്ല. അവൻറെ സ്ഥാനത്തുനിന്ന് എന്തുകൊണ്ടാണ് ആരും ചിന്തിക്കാത്തത്. അവന് കാര്യമായ അവസരങ്ങൾ ഇപ്പോൾ കിട്ടാറില്ല.
അവസരം കിട്ടുമ്പോഴൊക്കെ മികവ് കാട്ടിയിട്ടും അവനിപ്പോഴും ടീമിലെ അവൻറെ സ്ഥാനത്തിനായി പൊരുതി കൊണ്ടിരിക്കുകയാണ്. അടുത്ത അവസരം എപ്പോൾ കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. ഇതവൻറെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് എപ്പോഴും ബൗളർമാർക്ക് മാത്രമാണ് സംഭവിക്കുന്നത് എന്നതാണ് കൗതുകകരം. ബാറ്റർമാർക്ക് ഒരിക്കലും ഇങ്ങനെ സംഭവിക്കാറില്ല.
അതുകൊണ്ട് അവൻറെ മുൻകാല മികവ് കണക്കിലെടുത്തിട്ടെങ്കിലും ഇനിയുള്ള എല്ലാ മത്സരങ്ങളിലും അവനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തണം. അർഷ്ദീപിൻറെ അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. അതുകൊണ്ടാണ് അവന് വേണ്ടി ഞാൻ വാദിക്കുന്നത്. അവന് പന്ത് കൊടുത്തപ്പോഴൊക്കെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് തല ഉയർത്തി തന്നെ അവന് പ്ലേയിങ് ഇലവനിൽ നടന്നുകയറാവുന്നതാണ്. അവൻ മൂന്നാം ഏകദിനത്തിൽ കളിക്കുമെന്നാണ് പറയുന്നത്. എന്നാൽ അതുകൊണ്ട് എന്ത് കാര്യമാണുള്ളത്. ആദ്യ രണ്ട് ഏകദിനത്തിൽ പുറത്തിരുത്തി അവൻറെ ആത്മവിശ്വാസം നശിപ്പിച്ചശേഷം മൂന്നാം ഏകദിനത്തിൽ കളിപ്പിക്കുന്നത് കൊണ്ട് എന്ത്
ഗുണമാണുള്ളത്,' അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.
Content Highlights- Ravichandran Ashwin says Arshdeep singh should play every game for India