

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചൂടുള്ള ചർച്ച.
സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും. ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
A serious crime hunt with a not so serious team 👮🚔
— Netflix India South (@Netflix_INSouth) January 15, 2026
Suriya 47, is coming to Netflix after its theatrical release, in Tamil, Telugu, Hindi, Malayalam and Kannada
#NetflixPandigai pic.twitter.com/lvGYAWfL7C
സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്. ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്.
Content Highlights: Suriya new film with avesham director jithu madhavan is a crime comedy says netflix