

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കാർത്തി നായകനായി എത്തിയ ആക്ഷൻ ചിത്രമാണ് കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ സിനിമയായി പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞ് നിൽക്കുകയാണ്. ഒരു ഘട്ടത്തിൽ സിനിമ ഉപേക്ഷിച്ചു എന്നുവരെ റിപ്പോർട്ടുകളുണ്ടായി. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള ഒരു ചെറിയ അപ്‌ഡേറ്റ് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ദില്ലി എന്ന് പേരുള്ള ഒരു സെൻസർ സർട്ടിഫിക്കറ്റ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 30 സെക്കൻഡ് നീളമുള്ള ഒരു ടീസറിന്റെ സർട്ടിഫിക്കറ്റ് ആണിത്. ഇതോടെയാണ് വീണ്ടും ആരാധകർ ആവേശത്തിലാകുന്നത്. ദില്ലി മടങ്ങിവരാൻ പോകുന്നു എന്നും കൈതി 2 വിന്റെ ടീസർ ആണ് വരാൻ പോകുന്നത് എന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. നേരത്തെ രജനി ചിത്രമായ കൂലിക്ക് ശേഷം കൈതി 2 ആരംഭിക്കുമെന്ന് ലോകേഷ് അറിയിച്ചെങ്കിലും പിന്നെ അതിൽ അപ്ഡേറ്റ് ഒന്നും ഉണ്ടായില്ല. ചിത്രം ഉപേക്ഷിച്ചെന്നും ചില സിനിമാ പേജുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, പ്രതിഫലത്തിനെക്കുറിച്ചുള്ള ചർച്ചകളെ തുടർന്നാണ് കൈതി 2 വൈകാൻ കാരണമെന്നാണ് മറ്റൊരു വാദം. ലിയോയ്ക്ക് ശേഷം കൈതി 2 ഒരുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ, എന്നാൽ ലോകേഷ് രജനികാന്ത് ചിത്രം കൂലിയിൽ പ്രവർത്തിക്കാൻ പോയി.
Dilli - A 30 second VIDEO TEASER is recently censored. 💥🤯🔥
— KARTHIK DP (@dp_karthik) February 19, 2026
KAITHI-2 update is expected very soon.
LCU IS BACK 🔥🔥🔥 pic.twitter.com/SNWmncDc2M
ഇതിനിടയിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനും ലോകേഷ് ഒരുങ്ങുകയാണ്. ചിത്രം സമ്മർ റിലീസായി പുറത്തിറങ്ങും. നിലവിൽ അല്ലു അർജുനുമൊത്തുള്ള സിനിമയുടെ പണിപ്പുരയിലായാണ് ലോകേഷ്. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ഒരു പക്കാ ആക്ഷൻ സിനിമയാകും ഇതെന്ന സൂചനയാണ് അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കും.
Content Highlights: Dilli - A 30 second VIDEO TEASER is recently censored, fans curious calling it Kaithi 2 teaser