പടിക്കല്‍ കലമുടച്ച് ഇന്ത്യ; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താന് കിരീടം

ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളാവുന്നത്

പടിക്കല്‍ കലമുടച്ച് ഇന്ത്യ; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താന് കിരീടം
dot image

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാകിസ്താന്‍ ചാമ്പ്യന്മാര്‍. ഫൈനലില്‍ ഇന്ത്യയെ 191 റണ്‍സിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ കിരീടമുയര്‍ത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 348 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും (172) അലി റാസയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് പാകിസ്താന് വിജയം സമ്മാനിച്ചത്. ഇത് രണ്ടാം തവണയാണ് പാകിസ്താന്‍ അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളാവുന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 347 റണ്‍സ് നേടിയത്. സെഞ്ച്വറി നേടിയ ഓപ്പണര്‍ സമീര്‍ മിന്‍ഹാസിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പാക് പടയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സമീര്‍ മിന്‍ഹാസ് 113 പന്തില്‍ 172 റണ്‍സെടുത്തു. പാകിസ്താന് വേണ്ടി അഹമ്മദ് ഹുസെയ്ന്‍ (72 പന്തില്‍ 56) അര്‍ധ സെഞ്ചറി നേടി. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റെടുത്തു.

348 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യൻ കൗമാരപ്പട ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതാണ് കാണാനായത്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ വൈഭവ് സൂര്യവംശി (10 പന്തിൽ 26), മലയാളി താരം ആരോൺ ജോർജ് (9 പന്തിൽ 16) എന്നിവർ വേഗത്തിൽ റൺസ് ഉയർത്താൻ ശ്രമിച്ചു. എങ്കിലും അലി റാസയുടെയും മുഹമ്മദ് സയ്യാമിന്റെയും ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞതോടെ 4.1 ഓവറിൽ 49 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

മധ്യനിരയിൽ വിഹാൻ മൽഹോത്ര (7), അഭിഗ്യാൻ കുണ്ടു (13) എന്നിവരും നിരാശപ്പെടുത്തി. ഒരു ഘട്ടത്തിൽ 120 റൺസിന് 9 വിക്കറ്റെന്ന നിലയിലായിരുന്ന ഇന്ത്യയെ അവസാന വിക്കറ്റിൽ ദീപേഷ് ദേവേന്ദ്രന്റെ തകർത്തടിച്ചാണ് സ്കോർ 150 കടത്തിയത്. ദീപേഷ് 16 പന്തിൽ 36 റൺസെടുത്തു. പാകിസ്താന് വേണ്ടി അലി റാസ 42 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: U19 Asia Cup Final: Pakistan hammer India to win their 2nd U19 Asia Cup title

dot image
To advertise here,contact us
dot image