'ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വ്യക്തതക്കുറവുണ്ട്'; തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്‌

'ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല'

'ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വ്യക്തതക്കുറവുണ്ട്'; തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്‌
dot image

2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് യുവതാരം ശുഭ്മൻ ​ഗില്ലിനെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. 26കാരനായ ഗില്ലിനെ സെലക്ടര്‍മാര്‍ പിന്തുണച്ചെങ്കിലും ഒരു പ്രധാന ടൂര്‍ണമെന്റിന് തൊട്ടുമുൻപ് ടീമിൽ നിന്ന് പുറത്താക്കിയ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു. ​ഗില്ലിനെ ഒഴിവാക്കിയതിൽ വ്യക്തതക്കുറവുണ്ടെന്നും ഡികെ തുറന്നടിച്ചു.

'ഇന്നത്തെ പ്രധാന വാർത്ത, ഇന്ത്യൻ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു, എന്താണെന്ന് ഊഹിക്കാമോ? ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കി. ആദ്യ ഇലവനില്‍ നിന്ന് മാത്രമല്ല, ടീമില്‍ നിന്നുതന്നെ ഒഴിവാക്കിയിരിക്കുകയാണ്. ഒരു എക്സ്ട്രാ ഓപ്പണറെ കൊണ്ടുവരാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിച്ചു, അതുകൊണ്ട് ഇഷാന്‍ കിഷനെ കൊണ്ടുവന്നു. ജിതേഷ് ശര്‍മ്മയെയും ഒഴിവാക്കി, പകരം റിങ്കു സിങ്ങിനെ ഉൾ‌പ്പെടുത്തി', ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ‌ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

'ഇത് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നതല്ല. ​ഗില്ലിനെ ഒഴിവാക്കിയതിൽ വ്യക്തത കുറവുണ്ട്. കാരണം അവര്‍ ഇത്രയും കാലം ശുഭ്മന്‍ ഗില്ലിനെ പിന്തുണച്ചു, പിന്നീട് ടീമിനെ തെരഞ്ഞെടുക്കുന്ന ദിവസം ഒഴിവാക്കുകയും ചെയ്തു. അതില്‍ വ്യക്തതയില്ലായ്മയുണ്ട്', ഡ‍ികെ കൂട്ടിച്ചേർത്തു.

അതേസമയം സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ലോകകപ്പ് ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ​ഗില്ലിന് പുറമെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.

Content Highlights: Dinesh Karthik on exclusion of Shubman Gill, from India T20 World Cup squad

dot image
To advertise here,contact us
dot image