

ബിസിസിഐ അണ്ടർ-19 വനിതാ ഏകദിന ട്രോഫിയിലെ ആദ്യ മത്സരത്തിൽ നാഗാലാൻഡിനെതിരെ മികച്ച വിജയവുമായി കേരളം. 316 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 377 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് 27.5 ഓവറിൽ 61 റൺസിന് ഓൾ ഔട്ടായി. സെഞ്ച്വറി നേടിയ ശ്രദ്ധ സുമേഷിൻ്റെ ഉജ്ജ്വല ഇന്നിങ്സാണ് കേരളത്തിന് മികച്ച വിജയമൊരുക്കിയത്. 316 റൺസിൻ്റെ വിജയമാർജിനും ടൂർണ്ണമെൻ്റിൻ്റെ ചരിത്രത്തിലെ പുതിയൊരു റെക്കോർഡാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാരായ ശ്രേയ പി സിജുവും ലെക്ഷിദ ജയനും ചേർന്ന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 75 റൺസ് കൂട്ടിച്ചേർത്തു. ശ്രേയ 40ഉം ലെക്ഷിദ 41ഉം റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ശ്രദ്ധ സുമേഷിൻ്റെ തകർപ്പൻ ഇന്നിങ്സാണ് കേരളത്തെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ശ്രേയ പി സിജുവിനൊപ്പം 62 റൺസ് കൂട്ടിച്ചേർത്ത ശ്രദ്ധ, അഷിമ ആൻ്റണിക്കൊപ്പം 87ഉം മനസ്വിയ്ക്കൊപ്പം 66ഉം റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. അഷിമ 29ഉം മനസ്വി 38ഉം റൺസ് നേടി. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ഇസബെല്ലിനൊപ്പം 43 റൺസും നേടിയ ശ്രദ്ധ അൻപതാം ഓവറിലാണ് പുറത്തായത്. 102 പന്തുകളിൽ 19 ഫോറും ഒരു സിക്സും അടക്കം 127 റൺസാണ് ശ്രദ്ധ സുമേഷ് നേടിയത്. ഇസബെൽ 29 റൺസും നേടി. മൂന്ന് വിക്കറ്റ് നേടിയ ഇദുബേലയാണ് നാഗാലൻ്റ് ബൗളിങ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലാന്‍ഡ് ബാറ്റിങ് നിര കാര്യമായ ചെറുത്തുനില്പ് പോലുമില്ലാതെ കീഴടങ്ങി. 10 റൺസെടുത്ത രാധിക മൊണ്ഡൽ മാത്രമാണ് നാഗാലൻ്റ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി അക്സ എ ആർ, മനസ്വി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content highlights: under 19 womens kerala beat nagland