

അർജന്റീനയും ബ്രസീലും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ അർജന്റീനയ്ക്ക് വിജയം. എട്ട് വിക്കറ്റിനാണ് അർജന്റീനയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 14.5 ഓവറിൽ അർജന്റീന രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ ബ്രസീൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർ ലൂയിസ് മൊറൈസ് 51 റൺസെടുത്തതാണ് ബ്രസീലിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. സഹഓപണർ റെജൗൾ കരീം 17 റൺസും നേടി. മറ്റ് താരങ്ങളാർക്കും രണ്ടക്കം കടക്കാൻ സാധിച്ചില്ല. അർജന്റീനൻ ബൗളിങ് നിരയിൽ ലൂക്കാസ് റോസി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ പെഡ്രോ ബാരൺ 53 റൺസെടുത്തു. അലജാൻഡ്രോ ഫെർഗൂസൺ 23 റൺസ് നേടി. ഇരുവരും ചേർന്നുള്ള ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 74 റൺസ് പിറന്നു. പിന്നാലെ അലൻ കിർഷ്ബോം പുറത്താകാതെ 17 റൺസും മാനുവൽ ഇതുർബ് പുറത്താകാതെ എട്ട് റൺസും നേടി അർജന്റീനയെ വിജയത്തിലെത്തിച്ചു.
ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ മത്സരം ഇന്നലെ വൈകുന്നേരം ആരംഭിച്ചുവെങ്കിലും മഴയെ തുടർന്ന് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചു. രണ്ടാം മത്സരത്തിലും ടോസ് നേടിയ ബ്രസീൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 19.2 ഓവറിൽ 108 റൺസിൽ ബ്രസീൽ സംഘം ഓൾ ഔട്ടായി. റെജൗൾ കരീം 38 റൺസെടുത്ത് ടോപ് സ്കോററായി. അർജന്റീനൻ ബൗളിങ് നിരയിൽ അലൻ കിർഷ്ബോം, അഗസ്റ്റിൻ റിവെറോ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Argentina beat Brazil in first t20 of five match series