ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമോ? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ വൈറ്റ്‌വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെ വിരാട് ടെസ്റ്റിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു

ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാവുമോ? അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി
dot image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോഹ്‌ലി നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഇപ്പോഴിതാ ടെസ്റ്റിലേക്ക് തിരിച്ചുവരവ് ഉണ്ടാവില്ലെന്നും താന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ നായകന്‍.

റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടി പ്ലേയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കവേയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ വൈറ്റ്‌വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെ വിരാട് ടെസ്റ്റിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങളും ചര്‍ച്ചകളും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് കോഹ്‌ലി തന്നെ രംഗത്തെത്തിയത്.

താങ്കള്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്നത് തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. 'അതെ, അത് എപ്പോഴും അങ്ങനെയായിരിക്കും. ഞാന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്', മത്സരശേഷം കോഹ്‌ലി വ്യക്തമാക്കി. കളിക്കുമ്പോഴെല്ലാം തന്റെ പരമാവധി നല്‍കാന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും കോഹ്‌ലി പറഞ്ഞു.

'എപ്പോഴും എന്റെയുള്ളിൽ ക്രിക്കറ്റ് കളിക്കാനായി വലിയ ആ​ഗ്രഹമുണ്ട്. ഞാൻ ഒരിടത്ത് ക്രിക്കറ്റ് കളിക്കാൻ എത്തുകയാണെങ്കിൽ, 120 ശതമാനം ആവേശത്തോടെയാവും എത്തുക. റാഞ്ചിയിൽ ഞാൻ നേരത്തെ എത്തിയിരുന്നു. അത് പരിശീലനത്തിനാണ്. ഫോം കുറവാണെന്ന് തോന്നിയാൽ കൂടുതൽ പരിശീലനം നടത്തണം. ഫോം വീണ്ടെടുത്തുവെന്ന് പരിശീലനത്തിൽ തന്നെ ഉറപ്പാക്കണം. അതുപോലെ എനിക്ക് 37 വയസായി. അതിനാൽ ശരീരത്തിന് വേണ്ട വിശ്രമം നൽകേണ്ടതും അത്യാവശ്യമാണ്,' കോഹ്‍ലി വ്യക്തമാക്കി.

Virat Kohli in IND vs SA first ODI
വിരാട് കോഹ്‍ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 17 റൺസിനാണ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. വിരാട് കോഹ്‍ലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശർമയുടെയും ക്യാപ്റ്റൻ കെ എൽ രാഹുലിന്റെയും അർധ സെഞ്ച്വറിയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.

ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറിൽ 332 റൺസിൽ അവസാനിച്ചു. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ദക്ഷിണാഫ്രിക്ക മൂന്നിന് 11 എന്നും പിന്നീട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെന്നും തകർന്നതിന് ശേഷമാണ് 332 എന്ന സ്കോറിലേക്കെത്തിയത്. മുൻനിരയുടെ സംഭാവനകൂടിയുണ്ടായിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

Content Highlights: 'I am just playing one form of game'; Virat Kohli dismisses rumours of Test comeback

dot image
To advertise here,contact us
dot image