

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. സിനിമയിൽ വിനായകനെ സജസ്റ്റ് ചെയ്തിരുന്നത് മമ്മൂട്ടിയായിരുന്നു എന്ന വാർത്ത ആരാധകർ ആഘോഷിച്ചതാണ്. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് മനസുതുറക്കുകയാണ് വിനായകൻ. പലപ്പോഴും മമ്മൂട്ടിയുടെ അടുത്ത് പോയി ഇരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് പറയുകയാണ് വിനായകൻ. ഭയങ്കര ഓറയാണ് മമ്മൂട്ടിക്കെന്നും അത് ബ്രേക്ക് ചെയ്യാൻ തനിക്ക് പറ്റിയില്ലെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.
'ഞാൻ മമ്മൂക്കയുമായി നല്ല കണക്ടഡ് ആണ്. പക്ഷെ ഞങ്ങൾ തമ്മിൽ അങ്ങനെ സംസാരിക്കാറൊന്നുമില്ല. എനിക്ക് പുള്ളിയുടെ അടുത്ത് പോലും പോകാൻ പറ്റില്ല. കാരണം ഭയങ്കര ഓറയാണ് അദ്ദേഹത്തിന്. അത് എനിക്ക് ബ്രേക്ക് ചെയ്യാൻ പറ്റിയില്ല. ഞാൻ പലപ്പോഴും മമ്മൂക്കയുടെ അടുത്ത പോയിരിക്കാൻ ശ്രമിച്ചു പുള്ളി അപ്പോഴേക്കും നമ്മളെ പിടിച്ച് അടുത്ത് ഇരുത്തും. ഞാൻ അപ്പോൾ തന്നെ എണീറ്റ് ഓടിക്കളയും', വിനായകന്റെ വാക്കുകൾ. ചിത്രത്തിൽ വിനായകൻ നായകനായും മമ്മൂട്ടി വില്ലനായിട്ടാണ് എത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് പുറത്തിറങ്ങും. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയുടേതായി തിയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന് ഒരുപാട് പ്രതീക്ഷയാണ് ഉള്ളത്. ഒരു ഗംഭീര ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ട്രെയ്‌ലർ നൽകിയ സൂചന. "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഈ റെട്രോ ഫീൽ നൽകുന്ന ഗാനത്തിന് വമ്പൻ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്.
Content Highlights: Vinayakan about Mammootty