

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് വിജയിച്ച അതേ ടീമിനെ നിലനിർത്തുകയാണ് ഓസീസ് ചെയ്തത്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ മടങ്ങി വരവ് വൈകും. നേരത്തെ ഇരുവരും നെറ്റ്‌സില്‍ പരിശീലനത്തിനെത്തിയതിന് പിന്നാലെ കമ്മിന്‍സും ഹെയ്‌സല്‍വുഡും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇരുവരും രണ്ടാം ടെസ്റ്റും കളിക്കില്ലെന്നുറപ്പായി. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ചത്. രണ്ടാം ടെസ്റ്റിലും സ്മിത്തിന്റെ കീഴില്‍ തന്നെ ഓസീസ് ഇറങ്ങും. 14 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്. ഗാബയിൽ ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് രണ്ടാം ടെസ്റ്റ്.
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് നേടിയത്. രണ്ടര ദിവസം കൊണ്ട് അവസാനിച്ച മത്സരത്തിൽ ഓസീസിന്റെ ട്രാവിസ് ഹെഡ് സെഞ്ച്വറിയുമായി തിളങ്ങി.
ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രണ്ടന്‍ ഡോഗറ്റ്, കാമറോണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക് വെതറാള്‍ഡ്, ബ്യു വെബ്റ്റര്‍.
Content Highlights: Cummins's Hazelwood's out; australia second test team