

നിലവിൽ സജീവ ക്രിക്കറ്റിലുള്ളവരിൽ ഏറ്റവും മികച്ച ബൗളർമാരിലൊരാളാണ് ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഈയടുത്ത് അവസാനിച്ച ഇംഗ്ലണ്ടുമായുള്ള ആഷസിലെ പെർത്ത് ടെസ്റ്റിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഇരു ഇന്നിങ്‌സിലുമായി പത്ത് വിക്കറ്റാണ് താരം നേടിയത്. മൂന്ന് ഫോർമാറ്റുകളിലായി എണ്ണൂറ് വിക്കറ്റുകളും ഇതുവരെ താരം ഓസീസിനായി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിൽ പ്രയാസപ്പെടുത്തിയ മൂന്ന് ബാറ്റ്സ്മാൻമാർ ആരൊക്കെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സ്റ്റാർക്ക്. മൂന്ന് ബാറ്റ്സ്മാൻമാരുടെ സാങ്കേതിക മികവാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതെന്നാണ് സ്റ്റാർക്ക് പറയുന്നത്. ഇതിൽ സ്റ്റാർക്ക് ഒന്നാമതായി തിരഞ്ഞെടുത്തത് വിരാട് കോഹ്ലിയെയാണ്.
കോഹ്ലിയോടൊപ്പം ആർസിബിയിലെ ഡ്രസിങ് റൂം പങ്കിട്ട സന്ദർഭങ്ങളെല്ലാം വളരെ മികച്ചതായിരുന്നുവെന്നും കോഹ്ലിയുടെ ബാറ്റിങ് ഗംഭീരമാണെന്നുമാണ് സ്റ്റാർക്ക് പറഞ്ഞത്. 46 മത്സരങ്ങളിൽ നേർക്കുനേർ എത്തിയപ്പോൾ 56.87 ശരാശരിയിൽ 455 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. എട്ട് തവണ കോഹ്ലിയെ പുറത്താക്കാൻ സ്റ്റാർക്കിനായിട്ടുണ്ട്.
രണ്ടാമതായി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങിനെയാണ് സ്റ്റാർക്ക് പ്രശംസിച്ചത്. സ്മിത്ത് ക്ലാസിക് ശെെലിയിൽ കളിക്കുന്ന താരമാണ്. ടെസ്റ്റിൽ നിലവിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് സ്മിത്ത്. ക്ഷമയോടെ എത്ര നേരം വേണമെങ്കിലും ക്രീസിൽ നിന്ന് കസറാൻ സ്മിത്തിന് ശേഷിയുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റിൽ അത് തന്നെ പ്രയാസപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാർക്ക് പറഞ്ഞു.
മൂന്നാമതായി എബി ഡിവില്ലിയേഴ്സിനെയാണ് സ്റ്റാർക്ക് പരിഗണിച്ചത്. മുൻ ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് താരം മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്നവനാണ്. ഡിവില്ലിയേഴ്സിന്റെ ബാറ്റിങ് മികവ് തീർത്തും വ്യത്യസ്തമാണ്. ലോക ക്രിക്കറ്റിൽത്തന്നെ ഡിവില്ലിയേഴ്സിനെപ്പോലൊരു താരം വേറെയില്ലെന്നും സ്റ്റാർക്ക് പറഞ്ഞു.
Content Highlights: mitchell starc toughest batters