

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം നാട്ടിൽ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് പറഞ്ഞ വാക്കുകൾ ക്രിക്കറ്റ് ആരാധകരുടെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. 2019ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 3-0ത്തിന് പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഡു പ്ലെസിസിന്റെ വാക്കുകൾ.
'എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. 500ലധികം റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നു. ഇരുട്ട് വീഴാറാകുമ്പോഴാണ് എതിരാളികൾക്ക് (ദക്ഷിണാഫ്രിക്ക) ബാറ്റിങ് ലഭിക്കുന്നത്. മങ്ങിയ വെളിച്ചത്തിൽ എതിരാളികളുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുവാൻ ഇന്ത്യയ്ക്ക് സാധിക്കും. അത് അടുത്ത ദിവസം ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണ് ചെയ്യുന്നത്. കോപ്പി പേസ്റ്റ് പോലെയാണ് ഈ മൂന്ന് ടെസ്റ്റുകളും ഇന്ത്യ വിജയിച്ചത്. ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിൽ ടോസ് നിർണായകമാകുന്നു' ഫാഫ് ഡു പ്ലെസിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
ആറ് വർഷത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ടിരിക്കുന്നു. രണ്ട് ടെസ്റ്റിലും ദക്ഷിണാഫ്രിക്കയാണ് ആദ്യം ബാറ്റ് ചെയ്തത്. ആദ്യ ടെസ്റ്റിൽ 159 എന്ന ചെറിയ സ്കോർ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിങ്സിൽ നേടാനായത്. ആദ്യ ദിവസം ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. പിന്നാലെ രണ്ടാം ദിവസം ഇന്ത്യ ആദ്യ ഇന്നിങ്സിൽ 189 റൺസ് നേടി. 30 റൺസ് ലീഡുണ്ടായിരുന്നിട്ടും രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയുടെ 124 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. മൂന്നാം ദിവസമായതും പിച്ച് സ്പിന്നിന് അനുകൂലമായതായിരുന്നു കാരണം. ഒരുപക്ഷേ ഇന്ത്യയ്ക്കായിരുന്നു ആദ്യം ബാറ്റിങ് എങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ.
Faf Du Plessis In 2019 pic.twitter.com/ITy3wNBFWv
— RVCJ Media (@RVCJ_FB) November 23, 2025
രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 489 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 201 റൺസിൽ പുറത്തായി. രണ്ടാം ഇന്നിങ്സിൽ 288 റൺസിന്റെ ലീഡിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചിന് 260 എന്ന സ്കോർ നേടി. 509 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നാലാം ദിവസം രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇതോടെ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് തോൽവി ഒഴിവാക്കാൻ എട്ട് വിക്കറ്റുകൾ മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. അവസാന ദിവസം ഇന്ത്യ 140 റൺസിന് രണ്ടാം ഇന്നിങ്സിൽ ഓൾഔട്ടായി. 408 റൺസിന്റെ വലിയ തോൽവിയും ഇന്ത്യ നേരിട്ടു.
ഇതിന് മുമ്പ് 2024 നവംബറിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പര തോൽവി നേരിട്ടിരുന്നു. ആദ്യ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്തത്. പിന്നീടുള്ള രണ്ട് ടെസ്റ്റുകളിലും സ്പിന്നിന് അനുകൂലമായ പിച്ചുകൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്വന്തം നാട്ടിൽ കരുത്തർ എന്നും സ്പിന്നിനെ നന്നായി കളിക്കുന്ന ടീമെന്നുമുള്ള വിശേഷണങ്ങളാണ് ഈ തോൽവികളിൽ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.
Content Highlights: Faf Du Plessis's words in 2019 became trendy after six years