

പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവെച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്ന് നീക്കം ചെയ്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദാന. പിതാവ് ശ്രീനിവാസ് മന്ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചത്. പിന്നാലെ വിവാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോയും താരം ഡിലീറ്റ് ചെയ്തു.
ഇന്ത്യൻ ടീമിലെ സഹതാരങ്ങളും സ്മൃതിയുടെ അടുത്ത സുഹൃത്തുക്കളുമായ ജെമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടീൽ എന്നിവരും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. പ്രൊപ്പോസൽ വീഡിയോയ്ക്ക് പിന്നാലെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇരുവരും സംഗീത് ചടങ്ങിനിടെ ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. ഇവയെല്ലാം തന്നെ താരം ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ വച്ച് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പ്രതിശ്രുതവരനായ പലാഷ് മുച്ചലിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഇപ്പോഴും ഉണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് വിവാഹദിനമാണ് സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. കല്യാണ തയ്യാറെടുപ്പുകളെ തുടർന്നുണ്ടായ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ വ്യക്തമാക്കിയിരുന്നു. സാംഗ്ലിയിലെ സർവ്ഹിറ്റ് ആശുപത്രിയിലാണ് ശ്രീനിവാസ് മന്ദാന ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ മഹാരാഷ്ട്രയിലെ സാംഗ്ലിയിലായിരുന്നു സ്മൃതിയും സംഗീത സംവിധായകന്‍ പലാഷ് മുച്ചലുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹദിനം സ്മൃതിയുടെ അച്ഛന്‍ ശ്രീനിവാസ് മന്ദാനയെ ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ വിവാഹം മാറ്റിവെക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെയുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായെന്ന് സ്ഥിരീകരിച്ചിരുന്നു. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ശ്രീനിവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
ശ്രീനിവാസ് മന്ദന ആശുപത്രിയിലായിരിക്കെ പലാഷ് മുച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഇൻഫക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലാഷിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ശ്രീനിവാസ് മന്ദാന ആശുപത്രിയിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
Content Highlights: Smriti Mandhana removes marriage posts after father and fiancé Palash Muchhal Hospitalised