

ഭരത്ചന്ദ്രനെ ബിഗ്സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിന് വിരാമം. ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന ചിത്രം 31 വർഷങ്ങൾക്ക് ശേഷം 4k ദൃശ്യ മികവോടെ ജനുവരിയിൽ തിയേറ്ററുകളിൽ എത്തും. നേരത്തെ സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെ പുറത്തുവിട്ട റീമാസ്റ്ററിങ് ട്രൈലെറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ചടുലമായ സംഭാഷണങ്ങളും, ഉദ്വേഗജനകമായ രംഗങ്ങളും, മികച്ച ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ആവേശം കൊള്ളിച്ച ചിത്രമായിരുന്നു കമ്മീഷണർ. ചിത്രത്തിനു വേണ്ടി ഒരു ക്കിയ പശ്ചാത്തല സംഗീതം ഇന്നും പ്രേക്ഷകരുടെ ഇടയിൽ കൗതുകവും ആവേശവും പകരുന്നത് ചിത്രത്തിൻ്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.മാത്രമല്ല കമ്മീഷറോട് പ്രേക്ഷകർക്ക് ഇന്നുമുള്ള ആഭിമുഖ്യം കണക്കിലെടുത്താണ് ആധുനിക ശബ്ദ ദൃശ്യവിസ്മയങ്ങളുമായി 4K അറ്റ്മോസിൽ എത്തുന്നത്.
1994 ലാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി കമ്മീഷണർ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ സൂപ്പർ താരപദവിയിൽ വലിയ പങ്കുവഹിച്ച സിനിമയാണ് ഇത്. ശോഭന, രതീഷ്, ഭീമൻ രഘു, വിജയരാഘവൻ, ഗണേഷ് കുമാർ, രാജൻ പി ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. മികച്ച വിജയമായിരുന്നു സിനിമ അവിടെ നിന്നും നേടിയത്. ചിത്രം ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിലൂടെ തെലുങ്കിൽ സുരേഷ് ഗോപിക്ക് വലിയ ഫാൻ ബേസ് ഉണ്ടായി. രൺജി പണിക്കർ തിരക്കഥയെഴുതിയ സിനിമ നിർമിച്ചത് എം മണി ആയിരുന്നു.

സംഗീതം - രാജാമണി, ഛായാഗ്രഹണം -ദിനേശ് ബാബു, എഡിറ്റിംഗ് -എൽ ഭൂമിനാഥൻ, പശ്ചാത്തല സംഗീതം പുനരാവിഷ്കരണം - ബെന്നി ജോൺസൺ, 4k റീമാസ്റ്ററിങ് നിർമ്മാണം ഷൈൻ വി എ മെല്ലി വി എ ലൈസൺ ടി ജെ, ഡിസ്ട്രിബ്യൂഷൻ ഹെഡ് -ഹർഷൻ ടി, കളറിങ് ഷാൻ ആഷിഫ്, അറ്റ്മോസ് മിക്സ് ഹരി നാരായണൻ, മാർക്കറ്റിംഗ് ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ. പി ആർ ഓ.ഐശ്വര്യ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Commissioner re release date announced