രണ്ടാം സൂപ്പർ ഓവറിനൊടുവിൽ കേരളത്തിന് അതിനാടകീയ വിജയം; വനിതാ അണ്ടര്‍ 23 ടി20യിൽ സൗരാഷ്ട്രയെ തോൽപ്പിച്ചു

തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇസബെല്ലിൻ്റെ മികച്ച ഇന്നിങ്സ് കേരളത്തിന് രക്ഷയായി

രണ്ടാം സൂപ്പർ ഓവറിനൊടുവിൽ കേരളത്തിന് അതിനാടകീയ വിജയം; വനിതാ അണ്ടര്‍ 23 ടി20യിൽ സൗരാഷ്ട്രയെ തോൽപ്പിച്ചു
dot image

അണ്ടർ 23 ദേശീയ വനിതാ ട്വൻ്റി 20 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ നാടകീയവിജയം സ്വന്തമാക്കി കേരളം. സൗരാഷ്ട്രയ്ക്കെതിരെ നടന്ന മത്സരത്തിൽ രണ്ട് സൂപ്പർ ഓവറുകൾ വരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് കേരള വനിതകള്‍ വിജയം പിടിച്ചെടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത സൗരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ കേരളവും ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

എന്നാൽ സൂപ്പർ ഓവറിലും ഇരുടീമുകളും പത്ത് റൺസ് വീതം നേടി വീണ്ടും ഒപ്പത്തിനൊപ്പം എത്തിയതിനെതുടർന്ന് മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് കടക്കേണ്ടിവന്നു. രണ്ടാം സൂപ്പർ ഓവറിൽ സൗരാഷ്ട്രയെ മൂന്ന് റൺസിലൊതുക്കിയ കേരളം മറുപടി ബാറ്റിങ്ങിൽ അഞ്ചാം പന്തിൽ തന്നെ ലക്ഷ്യം മറികടക്കുകയും വിജയം പിടിച്ചെടുക്കുകയും ചെയ്തു.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ കേരളം സൗരാഷ്ട്രയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ഉമേശ്വരിയുടെ അർധസെഞ്ച്വറിയുടെ മികവിലാണ് സൗരാഷ്ട്ര 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 114 റൺസെടുത്തത്. ഉമേശ്വരി ജെത്വ 55 റൺസും ഷിഫ ഷെലറ്റ് 34 റൺസും അടിച്ചെടുത്തു. കേരളത്തിന് വേണ്ടി ശീതൾ രണ്ടും നജ്‌ല, നിയ നസ്നീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ കേരളത്തിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇസബെല്ലിൻ്റെ മികച്ച ഇന്നിങ്സ് രക്ഷയായി. 32 പന്തിൽ 38 റൺസെടുത്ത ഇസബെല്ലിൻ്റെ ബാറ്റിങ് മികവിലാണ് കേരളം ഒൻപത് വിക്കറ്റ് നഷ്ടത്തില്‍ 114 റൺസ് നേടി. പിന്നാലെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

Content Highlights: womens under 23 t20 trophy: Kerala beats Saurashtra after dramatic second Super Over

dot image
To advertise here,contact us
dot image