

ഇന്ത്യൻ ടെസ്റ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തുനിന്ന് ഗൗതം ഗംഭീറിനെ പുറത്താക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തം. ആദ്യ ടെസ്റ്റിന് പിന്നാലെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലും ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരിക്കുകയാണ്. മൂന്നാം ദിനത്തിലെ കളി നിർത്തുമ്പോള്‍ 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ എട്ടോവര്‍ പന്തെറിഞ്ഞിട്ടും ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റ് പോലും വീഴ്ത്താനുമായിട്ടില്ല. 10 വിക്കറ്റും 314 റണ്‍സും ലീഡുള്ള ദക്ഷിണാഫ്രിക്ക ഈ ടെസ്റ്റില്‍ പിടിമുറുക്കിക്കഴിഞ്ഞു.
ഈ ടെസ്റ്റ് ഇനി അഞ്ചാംദിനത്തിലേക്കു നീളാനുള്ള സാധ്യത ഇനി വളരെ കുറവാണ്. സ്വന്തം മണ്ണില്‍ ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടാം വൈറ്റ് വാഷാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയം മുന്നിൽ കണ്ടതോടെയാണ് ആരാധകർ ഗംഭീറിനെതിരെ രംഗത്തുവന്നത്. ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്ന ഹാഷ് ടാഗ് ക്യാംപെയ്നും സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണ്.


ഇന്ത്യയുടെ മുന്‍ വിവാദ കോച്ചായ ഗ്രെഗ് ചാപ്പലിനോടാണ് സോഷ്യല്‍ മീഡിയയിലെ ചില ആരാധകര്‍ ഗൗതം ഗംഭീറിനെ ഉപമിക്കുന്നത്. 'ഗ്രെഗ് ചാപ്പലിന്റെ പുതിയ പതിപ്പാണ് ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കറുത്ത കാലഘട്ടമെന്നായിരുന്നു ചാപ്പലിന്റെ കാലത്തെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഗംഭീറിന് കീഴില്‍ ടീം വീണ്ടും തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. അദ്ദേഹത്തെ പുറത്താക്കാതെ ടെസ്റ്റില്‍ ഇന്ത്യ രക്ഷപ്പെടില്ല'.
ആവശ്യമില്ലാതെ ഗ്രെഗ് ചാപ്പലിന്റെ മനോഭാവമാണ് ഗംഭീര്‍ കൊണ്ടുവരുന്നതെന്നും അതൊരിക്കലും പ്രാവര്‍ത്തികമാവില്ലെന്നുമാണ് ഒരുപോസ്റ്റ്. ഓള്‍റൗണ്ടര്‍മാരെയും ഐപിഎല്‍ ഹീറോസിനെയുമാണ് ഗംഭീര്‍ പിന്തുണയ്ക്കുന്നതെന്നും ഇത് ഗ്രെഗ് ചാപ്പല്‍ കോച്ചായിരുന്ന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നെന്നും മറ്റൊരു പോസ്റ്റുണ്ട്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഗംഭീര്‍ നശിപ്പിച്ചുകളഞ്ഞെന്നും ഗ്രെഗ് ചാപ്പല്‍ യുഗത്തേക്കാളും മോശം തകര്‍ച്ചയായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് നേരിടേണ്ടിവരികയെന്നുമാണ് ആരാധകരില്‍ ചിലര്‍ പറയുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ഗംഭീര്‍ പരിശീലകസ്ഥാനം രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോസ്റ്റിലുണ്ട്.
Content Highlights: IND vs SA: Gautam Gambhir faces fans' critisism as India crumble in Guwahati