'അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു'; വാരാണസി സിനിമയിക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ

അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം

'അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു'; വാരാണസി സിനിമയിക്കെതിരെ തീവ്ര ഹിന്ദുത്വവാദികൾ
dot image

രാജമൗലി സംവിധാനത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരാണസി സിനിമാക്കതിരെ തീവ്ര ഹിന്ദുത്വവാദികൾ. സിനിമയുടെ ടൈറ്റിൽ ലോഞ്ചിനിടെ രാജമൗലി പറഞ്ഞ ചില പരാമർശങ്ങളാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. തനിക്ക് ദൈവത്തിൽ വിശ്വാസമില്ലെന്നാണ് രാജമൗലി പറഞ്ഞത്. തമാശ രൂപേണ ഹനുമാൻ സ്വാമിയേ രാജമൗലി പരാമർശിച്ചതും ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിട്ടുണ്ട്.

പരിപാടിക്ക് മുൻപ്, ഹനുമാൻ സ്വാമി പിന്നിൽ നിന്ന് നയിക്കുന്നുണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞതായി രാജമൗലി പറഞ്ഞിരുന്നു. ചടങ്ങിനിടെ സാങ്കേതിക തകരാറുകൾ ഉണ്ടായപ്പോൾ ‘ഇങ്ങനെയാണോ അദ്ദേഹം പിന്നിൽ നിന്ന് നയിക്കുന്നതെന്ന്’ എന്നായിരുന്നു രാജമൗലിയുടെ ചോദ്യം. തന്റെ ഭാര്യയ്ക്കും ഹനുമാൻ സ്വാമിയെ വലിയ ഇഷ്ടമാണെന്നും എന്നാൽ തനിക്കിപ്പോൾ ദേഷ്യമാണ് വരുന്നതെന്നും സരസമായി രാജമൗലി പറഞ്ഞിരുന്നു. രാജമൗലിയുടെ ഈ പരാമർശമാണ് ഇപ്പോൾ വിവാദമാക്കിയിരിക്കുന്നത്. ഇതിനിടെ രാജമൗലിയുടെ ഒരു പഴയ ട്വീറ്റും വൈറലായി.

2011 ൽ രാമനവമി ആശംസകൾ നേർന്ന ഒരു ആരാധകന് രാജമൗലി നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘ഹൃദയം നിറഞ്ഞ ശ്രീരാമ നവമി ആശംസകൾ. ശ്രീരാമന്റെ നാമം ജപിക്കുന്നതിലൂടെ നമ്മുടെ മുഖങ്ങൾ എപ്പോഴും പുഞ്ചിരിയാൽ പ്രകാശിക്കട്ടെ’ എന്നായിരുന്നു ആരാധകന്റെ ആശംസ. എന്നാൽ താൻ രാമനെ ഒരിക്കലും ഇഷ്ടപ്പെട്ടിട്ടില്ലെന്നും അവതാരങ്ങളിൽ തനിക്കേറ്റവും പ്രിയപ്പെട്ടത് ശ്രീകൃഷ്ണനെയാണെന്നുമായിരുന്നു രാജമൗലി പറഞ്ഞത്. ഈ ട്വീറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാക്കുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. രാജമൗലി സംവിധാനം ചെയ്യുന്ന സിനിമകളിൽ ഹിന്ദു പുരാണങ്ങളുടെ സ്വാധീനം വളരെ വ്യക്തമാണ്. അദ്ദേഹം നേരിട്ട് പുരാണകഥകളെ പുനരാവിഷ്‌കരിക്കുന്നില്ലെങ്കിലും അവയിലെ കഥാപാത്ര രൂപകൽപ്പന, തീമുകൾ, വിഷ്വൽ സ്റ്റൈൽ എന്നിവയിൽ പുരാണങ്ങളുടെ സാനിധ്യം വ്യക്തമാണെന്നാണ് ഇവർ വാദിക്കുന്നത്.

രാജമൗലിയുടെ മഗധീര, ബാഹുബലി, ആർആർആർ, ഏഗ തുടങ്ങിയ സിനിമകളിൽ ഹിന്ദു പുരാണങ്ങളും ദൈവ ബിംബങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. ദൈവത്തിൽ വിശ്വാസമില്ലാത്ത രാജമൗലി ആർആർആർ സിനിമയിൽ എന്തിന് ശ്രീരാമനെ പോലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും, പുതിയ സിനിമയ്ക്ക് എന്തിനാണ് വാരാണസി എന്ന് പേരിട്ടിരിക്കുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.

അതിനിടെ വാരാണസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ആര്‍ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Content Highlights: Hindu extremists against the Varanasi movie

dot image
To advertise here,contact us
dot image