'സ്പോർട്സ് അറിയാത്തവരുടെ ചോദ്യങ്ങൾ, IPL ക്യാപ്റ്റൻസി അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ കഠിനം': KL രാഹുൽ

'പരിശീലകരും ടീമിന്റെ ക്യാപ്റ്റന്മാരും നിരന്തരമായി ടീം ഉടമകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നു'

'സ്പോർട്സ് അറിയാത്തവരുടെ ചോദ്യങ്ങൾ, IPL ക്യാപ്റ്റൻസി അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ കഠിനം': KL രാഹുൽ
dot image

ഐപിഎൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഡൽഹി ക്യാപിറ്റൽസിന്റെ ഇന്ത്യൻ താരമായ കെ എൽ രാഹുൽ. രണ്ട് മാസം ഐപിഎൽ ക്യാപ്റ്റനായിരിക്കുമ്പോൾ ക്രിക്കറ്റിനെക്കുറിച്ച് കുറച്ച് മാത്രം അറിവുള്ളവരുടെ കഠിനമായ ചോദ്യങ്ങളെ നേരിടേണ്ടി വരുന്നുവെന്ന് രാഹുൽ വെളിപ്പെടുത്തി. ഇത് 10 മാസം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണെന്നാണ് രാഹുലിന്റെ വാക്കുകൾ.

'ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോൾ നാം നിരന്തരമായി മീറ്റിങ്ങുകളിലും മത്സരത്തിന്റെ അവലോകനങ്ങളിലും പങ്കെടുക്കണം. ടീം ഉടമകൾക്ക് വിശദീകരണങ്ങൾ നൽകണം. 10 മാസം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിനേക്കാൾ മാനസികമായും ശാരീരികമായും രണ്ട് മാസം ഐപിഎൽ കളിക്കുമ്പോൾ നാം തളരുന്നു.' ജതിൻ സ്പാരു ഫോർ ഹ്യൂമൻസ് ബോംബെയ്ക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ‌ വെളിപ്പെടുത്തി.

'പരിശീലകരും ടീമിന്റെ ക്യാപ്റ്റന്മാരും നിരന്തരമായി ടീം ഉടമകളുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതായി വരുന്നു. ഒരു സമയത്ത് നാം ചോദ്യം ചെയ്യലിന് വിധേയനാകുന്നുവെന്ന് തോന്നിപ്പോകും. എന്തുകൊണ്ടാണ് നിങ്ങൾ ടീമിൽ ഈ മാറ്റം വരുത്തിയത്?, ആ താരം എന്തിനാണ് ടീമിൽ കളിക്കുന്നത്?, എതിർ ടീം 200 റൺസ് നേടി, നിങ്ങൾക്ക് 120 പോലും നേടാനായില്ല?, എതിർ ടീമിന്റെ ബൗളർമാർ എങ്ങനെയാണ് നന്നായി സ്പിൻ എറിയുന്നത്?.'

'ഇത്തരം ചോദ്യങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉണ്ടാകാറില്ല. കാരണം ടീമിന്റെ പരിശീലകനറിയാം എന്താണ് സംഭവിക്കുന്നതെന്ന്. കോച്ചിനോടും സെലക്ടർമാരോടും മാത്രമാണ് ക്യാപ്റ്റൻ മറുപടി നൽകേണ്ടത്. അവർ ക്രിക്കറ്റ് കളിക്കുകയും അതിനെ മനസിലാക്കുകയും ചെയ്തവരാണ്,' രാഹുൽ കൂട്ടിച്ചേർത്തു.

'നിങ്ങൾ എന്ത് ചെയ്താലും എത്ര മികച്ചതായി കാര്യങ്ങൾ ചെയ്താലും കായിക മത്സരത്തിൽ വിജയം ഉറപ്പാക്കാൻ കഴിയില്ല. കായികരംഗവുമായി ബന്ധമില്ലാത്ത ആളുകളോട് ഇത് വിശദീകരിക്കാൻ പ്രയാസമാണ്,' രാഹുൽ വ്യക്തമാക്കി.

2024ലെ സീസണില്‍ ലക്നൗ ക്യാപ്റ്റനായിരുന്ന കെ എല്‍ രാഹുലിന് ടീം ഉടമയായ സഞ്ജീവ് ഗോയങ്കയില്‍ നിന്നും പരസ്യമായി ശകാരവും അപമാനവും നേരിടേണ്ടിവന്നിരുന്നത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലക്നൗ ദയനീയ പരാജയം വഴങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. മത്സരശേഷം ഗ്രൗണ്ടിലെത്തി രാഹുലിനെ പരസ്യമായി ​ഗോയങ്ക ശകാരിച്ചിരുന്നു. ഗോയങ്കയോട് കാര്യമായി പ്രതികരിക്കാതെ വിളറിയ മുഖവുമായി നില്‍ക്കുന്ന രാഹുലിന്റെ ദൃശ്യങ്ങള്‍ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ 2025ലെ ഐപിഎൽ താരലേലത്തിന് മുമ്പായി രാഹുല്‍ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിൽ നിലനിർത്തിയില്ല. 14 കോടി രൂപയ്ക്ക് കെ എൽ രാഹുൽ ഡൽഹി ക്യാപിറ്റൽസിലെത്തി. സീസണിൽ ഡൽഹിയും ലക്നൗവും ആദ്യ റൗണ്ടിൽ ഏറ്റുമുട്ടിയപ്പോൾ രാഹുൽ ഡൽഹി നിരയിൽ കളിച്ചിരുന്നില്ല. ആദ്യ കുഞ്ഞിന്റെ പിറവിയെതുടർന്നാണ് രാഹുൽ അന്ന് കളിക്കാതിരുന്നത്. എന്നാൽ രണ്ടാം റൗണ്ടിൽ ലക്നൗവിന്റെ സ്വന്തം ​ഗ്രൗണ്ടായ ഏകാന സ്റ്റേഡിയത്തിൽ രാഹുലിന്റെ മികച്ച പ്രകടനം ഡൽഹിയുടെ വിജയത്തിന് കരുത്തായി. 42 പന്തിൽ പുറത്താകാതെ 57 റൺസാണ് രാഹുൽ നേടിയത്. പിന്നാലെ ജഴ്സിക്ക് പിന്നിലെ രാഹുലെന്ന പേര് ബാറ്റുകൊണ്ട് തൊട്ടുകാണിച്ച് താരം ആഘോഷവും നടത്തിയിരുന്നു. മത്സരശേഷം രാഹുലിനെ അഭിനന്ദിക്കാനെത്തിയ സഞ്ജീവ് ​ഗോയങ്കയുടെ മുഖത്ത് നോക്കാതെ രാഹുൽ ഹസ്തദാനം നൽകി നടന്നുനീങ്ങിയതും ഏറെ ചർച്ചയായിരുന്നു.

Content Highlights: K L Rahul opens up IPL Captaincy pressure

dot image
To advertise here,contact us
dot image