

മക്ക: സൗദിയില്‍ ഉംറ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കത്തിയുണ്ടായ അപകടത്തില്‍ രക്ഷപ്പെട്ടത് 25-കാരനായ അബ്ദുല്‍ ഷുഹൈബ് മുഹമ്മദ് മാത്രം. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആകെ 43 പേരാണ് ബസിലുണ്ടായിരുന്നത്. 20 സ്ത്രീകളും പത്തുവയസിന് താഴെയുള്ള പതിനൊന്ന് കുട്ടികളും ഉള്‍പ്പെടെ ബാക്കിയെല്ലാവരും മരിച്ചു.
ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് വാഹനം അപകടത്തില്‍പെട്ടത്. ബസ് ടാങ്കറുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിക്കുകയായിരുന്നു. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്.
വിശാലമായ റോഡ് ആയതിനാല്‍ അതിവേഗത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന പാതയാണിത്. റിയാദിലെ ഇന്ത്യന്‍ എംബസിയുടെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലേത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചു.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സൗദി അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
Content Highlights: 25 year old was the only survivor of the accident in Saudi Arabia