

ഐപിഎൽ 2026-ലെ മിനി ലേലത്തിൽ ശ്രീലങ്കൻ പേസർ മതിഷ പതിരാനയെ സ്വന്തമാക്കാനുള്ള ശ്രമവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഡൽഹി ക്യാപിറ്റൽസാണ് പതിരാനയെ ലക്ഷ്യമിടുന്ന മറ്റൊരു ടീം. കഴിഞ്ഞ നാല് സീസണുകളിൽ പതിരാന ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു. എന്നാൽ അടുത്ത സീസണിലേക്കുള്ള താരലേലത്തിന് മുമ്പായി പതിരാനയെ ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്തു.
ഐപിഎൽ 2022ലാണ് പതിരാന ആദ്യമായി ചെന്നൈ സൂപ്പർ കിങ്സിൽ കളിച്ചത്. 32 മത്സരങ്ങളിൽ നിന്നായി 47 വിക്കറ്റുകളാണ് പതിരാനയുടെ സമ്പാദ്യം. 2023ൽ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിൽ നിർണായക സാന്നിധ്യമായിരുന്നു പതിരാന. പല ടീമുകളും പതിരാനയ്ക്കായി ഇതിനോടകം രംഗത്തെത്തിയെങ്കിലും ആരുമായും കൈമാറ്റത്തിന് ചെന്നൈ തയ്യാറായിരുന്നില്ല. താരലേലത്തിൽ കുറഞ്ഞ വിലയ്ക്ക് പതിരാനയെ വീണ്ടും തട്ടത്തകത്തിലെത്തിക്കാനും ചെന്നൈ ശ്രമിച്ചേക്കും. കഴിഞ്ഞ സീസണിൽ 13 കോടി രൂപയ്ക്കാണ് ചെന്നൈ പതിരാനയെ നിലനിർത്തിയത്.
ഐപിഎൽ 2026നായി ചെന്നൈ സൂപ്പർ കിങ്സ് നിലനിർത്തിയ താരങ്ങൾ: റുതുരാജ് ഗെയ്ക്ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്ര, എം എസ് ധോണി, സഞ്ജു സാംസൺ (രാജസ്ഥാൻ റോയൽസിൽ നിന്നും ട്രേഡ് ചെയ്തു), ഡിവാൾഡ് ബ്രവീസ്, ഉർവിൽ പട്ടേൽ, ശിവം ദുബെ, ജാമി ഓവർടൺ, രാമകൃഷ്ണ ഗോഷ്, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, അൻഷുൽ കംബോജ്, ഗുർജപനീത് സിങ്, ശ്രേയസ് ഗോപാൽ, മുകേഷ് ചൗധരി, നഥാൻ എല്ലീസ്.
ഐപിഎൽ 2026 ലേലത്തിനായി ചെന്നൈ റിലീസ് ചെയ്ത താരങ്ങൾ: രവീന്ദ്ര ജഡേജ (രാജസ്ഥാൻ റോയൽസിന് കൈമാറി), രചിൻ രവീന്ദ്ര, ഡെവോൺ കോൺവേ, സാം കരൺ (രാജസ്ഥാൻ റോയൽസിന് കൈമാറി), ദീപക് ഹൂഡ, വിജയ് ശങ്കർ, ഷെയ്ക് റഷീദ്, മതീഷ പതിരാന, കമലേഷ് നാഗർകോത്തി, രാഹുൽ ത്രിപാഠി, വാൻഷ് ബേദി, ആന്ദ്ര സിദ്ദാർത്ഥ്.
ഐപിഎൽ 2026ലെ താരലേലത്തിൽ 43.40 കോടി രൂപയാണ് ചെന്നൈയ്ക്ക് ചിലവഴിക്കാനാകുക. ഒമ്പത് താരങ്ങളെ ലേലത്തിൽ സ്വന്തമാക്കാം. നാല് വിദേശ താരങ്ങളെ സ്വന്തമാക്കാനും ചെന്നൈയ്ക്ക് അവസരമുണ്ട്.
Content Highlights: KKR and Delhi Capitals are interested in Matheesha Pathirana for IPL 2026