

ഇന്ത്യൻ ക്രിക്കറ്റ് താരം വാഷിംഗ്ടൺ സുന്ദറിന് വലിയ ഉത്തരവാദിത്തം നൽകാനൊരുങ്ങി ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ അടുത്ത സീസണിൽ ഗുജറാത്ത് ടീമിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യുകയെന്ന ചുമതലയാണ് സുന്ദറിനെ ഏൽപ്പിക്കാനായി ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷെർഫെയ്ൻ റൂഥർഫോർഡ് മുംബൈ ഇന്ത്യൻസിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് സുന്ദറിനെ ആ ചുമതല ഏൽപ്പിക്കാൻ ഗുജറാത്ത് ആലോചിക്കുന്നത്.
കഴിഞ്ഞ വർഷം താരലേലത്തിൽ 3.2 കോടി രൂപയ്ക്കാണ് സുന്ദറിനെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. സീസണിൽ വെറും ആറ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. അതിന് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദിലും സുന്ദറിന് കാര്യമായി അവസരങ്ങൾ ലഭിച്ചില്ല. 2023-2024 സീസണുകളിൽ വെറും ഒമ്പത് മത്സരങ്ങൾ മാത്രമാണ് സുന്ദറിന് ലഭിച്ചത്.
ഇന്ത്യൻ ടീമിൽ ലഭിക്കുന്ന അവസരങ്ങൾ നിർണായക പ്രകടനം കാഴ്ചവെയ്ക്കുന്ന സുന്ദറിന് അവസരം നൽകാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. നിലവിൽ ഗുജറാത്ത് നിരയിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം സായി സുന്ദർശനാണ് ഓപണർ. ഇംഗ്ലണ്ട് താരം ജോസ് ബട്ലർ മൂന്നാം നമ്പറിലെത്തും. കഴിഞ്ഞ സീസണിൽ ഷെർഫെയ്ൻ റൂഥർഫോർഡിനായിരുന്നു നാലാം നമ്പർ ബാറ്റിങ് പൊസിഷൻ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ വിൻഡീസ് പവർ ഹിറ്ററിന് പകരമാകുമോ സുന്ദറെന്ന് കണ്ടറിയണം.
Content Highlights: Washington Sundar Poised For Central Role As GT