

ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിന് മുമ്പായുള്ള താരലേലത്തിൽ നിർണായക താരങ്ങളെ റിലീസ് ചെയ്യാൻ ഡൽഹി ക്യാപിറ്റൽസ്. കഴിഞ്ഞ സീസണിൽ ഡൽഹിയുടെ വൈസ് ക്യാപ്റ്റനായിരുന്ന ദക്ഷിണാഫ്രിക്കൻ മുൻ താരം ഫാഫ് ഡു പ്ലെസി, കഴിഞ്ഞ സീസണിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്, ഓസീസ് യുവ ഓപണർ ജെയ്ക് ഫ്രെയ്സർ മക്ഗർഗ് തുടങ്ങിയവരെ റിലീസ് ചെയ്യാനാണ് ഡൽഹി ക്യാപിറ്റൽസ് പദ്ധതിയിടുന്നത്. ഇന്ത്യൻ പേസർ ടി നടരാജന്റെ കാര്യത്തിൽ ടീം മാനേജ്മെന്റ് ചർച്ചകൾ തുടരുകയാണ്.
കഴിഞ്ഞ സീസണിൽ ആദ്യ നാല് മത്സരങ്ങളും ജയിച്ച് തുടങ്ങിയിട്ടും പ്ലേ ഓഫ് യോഗ്യത കടക്കാൻ കഴിയാതിരുന്ന ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ഓപണിങ്ങ് നിര തുടർച്ചയായി പരാജയപ്പെട്ടത് ഡൽഹിക്ക് തിരിച്ചടിയായി. ജെയ്ക് ഫ്രെയ്സർ മക്ഗർഗിന് ആറ് മത്സരങ്ങളിൽ നിന്ന് 55 റൺസ് മാത്രമാണ് നേടാനായത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 202 റൺസാണ് ഡു പ്ലെസിയുടെ സമ്പാദ്യം.
ഐപിഎൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയെങ്കിലും സീസണിന് മുമ്പായി ഹാരി ബ്രൂക്ക് പിന്മാറിയിരുന്നു. തുടർന്ന് അടുത്ത രണ്ട് സീസണുകളിൽ ബ്രൂക്കിന് ഐപിഎൽ കളിക്കാൻ സാധിക്കില്ല. ഇതോടെ താരത്തെ ഡൽഹി റിലീസ് ചെയ്യുമെന്ന് ഉറപ്പാണ്. പേസർ ടി നടരാജന്റെ കാര്യമാണ് ഡൽഹി മാനേജ്മെന്റിന്റെ ചർച്ചയിലുള്ളത്. 2023ലെ താരലേലത്തിൽ 10.75 കോടി രൂപയ്ക്കാണ് നടരാജനെ ഡൽഹി സ്വന്തമാക്കിയത്. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ഡൽഹി അവസരം നൽകിയത്. ഇതോടെ നടരാജനെ ഡൽഹി റിലീസ് ചെയ്തേക്കുമെന്നാണ് സൂചന.
Content Highlights: Delhi Capitals to release Faf du Plessis, Jake Fraser-McGurk