'ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോവണം'; കാരണം വ്യക്തമാക്കി മുഹമ്മദ് കൈഫ്

നിലവിലെ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിൽ മൂന്നാം സ്ഥാനത്താണ് ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നത്

'ഇഷാന്‍ കിഷന്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോവണം'; കാരണം വ്യക്തമാക്കി മുഹമ്മദ് കൈഫ്
dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ വരാനിരിക്കുന്ന സീസണിൽ ഇഷാൻ കിഷൻ സൺറൈസേഴ്സ് ഹൈദരാബാദ് വിട്ട് മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുപോകണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ഹൈദരാബാദിൽ ഇഷാൻ കിഷന് ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ലെന്നും മുംബൈ ഇന്ത്യൻസിലെത്തിയാൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാമെന്നും കൈഫ് പറഞ്ഞു. ഒരു ഓപ്പണർ എന്ന നിലയിൽ കിഷൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, നിലവിലെ ഫ്രാഞ്ചൈസിയായ സൺറൈസേഴ്‌സ് ഹൈദരാബാദിൽ മൂന്നാം സ്ഥാനത്താണ് ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നതെന്നും അതുകൊണ്ട് അദ്ദേഹത്തിന് മികവ് പുറത്തെടുക്കാൻ സാധിക്കുന്നില്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി.

“ഇഷാൻ കിഷൻ മുംബൈയിൽ‌ ഒരു മികച്ച ബാറ്ററാണ്. മുംബൈയ്ക്ക് വേണ്ടി കളിച്ചാൽ അദ്ദേഹത്തിന് ഓപ്പൺ ചെയ്യാൻ സാധിക്കും. സൺറൈസേഴ്സിൽ മൂന്നാം നമ്പറിലാണ് ഇഷാൻ കളിക്കുന്നത്. അതിൽ വലിയ വ്യത്യാസമുണ്ട്. വൺ‌ഡൗണായി കളിക്കുന്നത് അദ്ദേഹത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. ഉയർന്ന തുക നൽകി ടീമിലെത്തിച്ചെങ്കിലും ഇഷാന് പറ്റിയ ബാറ്റിങ് സ്ലോട്ട് നൽകാൻ സൺറൈസേഴ്സിന് സാധിച്ചില്ല. ഒരു ഡീൽ നടക്കുമെങ്കിൽ മുംബൈയിലേക്ക് തിരികെപോകണമെന്ന് ഇഷാൻ ടീമിനോട് അഭ്യർത്ഥിക്കണം. ഇഷാനെ കിട്ടിയാൽ മുംബൈയ്ക്കും ഉപകാരമാണ്. ഓപ്പൺ ചെയുന്ന ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറെ കിട്ടിയാൽ ഒരു വിദേശതാരത്തെ കളിപ്പിക്കാനും മുംബൈയ്ക്ക് അവസരം ലഭിക്കും.” തൻ്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് കൈഫ് പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ 2018 മുതൽ 2024 വരെ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ച ഇഷാൻ കിഷൻ കഴിഞ്ഞ സീസണിലാണ് സൺറൈസേഴ്സ് ഹൈദരാബാദിലെത്തിയത്. 11.25 കോടി രൂപയ്ക്കാണ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. ഹൈദരാബാദിൽ മൂന്നാം നമ്പറിൽ കളിച്ച കിഷൻ തൻ്റെ ആദ്യ മത്സരത്തിൽ തന്നെ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ച്വറി നേടിയെങ്കിലും പിന്നീട് മികവ് തുടരാനായില്ല. കഴിഞ്ഞ സീസണിൽ ഒരു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും സഹിതം 14 മത്സരങ്ങളിൽ നിന്ന് 354 റൺസാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം ഇഷാൻ കിഷനെ ഇത്തവണ ഹൈദരാബാദ് റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ലേലത്തിൽ വിട്ടിട്ട് കുറഞ്ഞ തുകയ്ക്ക് തിരികെവാങ്ങാനാണ് സൺറൈസേഴ്സിൻ്റെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Content Highlights:IPL 2026: Ishan Kishan should return to Mumbai Indians, says Mohammad Kaif

dot image
To advertise here,contact us
dot image