മുഹമ്മദ് ഷമി എന്തുകൊണ്ട് ഇന്ത്യൻ ടീമിലില്ല?; മറുപടിയുമായി ശുഭ്മൻ ​ഗിൽ

സെലക്ടർമാർക്കായിരിക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കഴിയുകയെന്നും ഗിൽ

മുഹമ്മദ് ഷമി എന്തുകൊണ്ട് ഇന്ത്യൻ ടീമിലില്ല?; മറുപടിയുമായി ശുഭ്മൻ ​ഗിൽ
dot image

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൽ ബം​ഗാൾ പേസർ മുഹമ്മദ് ഷമിക്ക് അവസരം ലഭിക്കാത്തതിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ. ഷമി മികച്ച താരമാണെന്നും എന്നാൽ ടീമിൽ നിലവിലുള്ള താരങ്ങൾക്ക് മികച്ച കഴിവുണ്ടെന്നുമാണ് ​ഗിൽ പറയുന്നത്. എന്തുകൊണ്ട് ടീമിലേക്ക് തിരഞ്ഞെടുക്കുന്നില്ലെന്ന ചോദ്യത്തിന് സെലക്ടർമാർക്കായിരിക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കഴിയുകയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മറുപടി നൽകി.

'ഷമി മികച്ച നിലവാരമുള്ള ബൗളറാണ്. ഷമിയെപ്പോലെ ബൗളിങ് മികവുള്ളവർ അധികം പേരില്ല. എന്നാൽ ഇപ്പോൾ കളിക്കുന്ന ബൗളർമാരെയും നാം കണക്കിലെടുക്കണം. ആകാശ് ദീപ്, മുഹ​മ്മദ് സിറാജ്, ജസ്പ്രീത് ബുംറ, ഇവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ചിലപ്പോൾ ഷമി ഭായിയെപ്പോലുള്ള കളിക്കാർക്ക് പുറത്തിരിക്കേണ്ടി വരുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് ഭാവി മുന്നിൽകണ്ട് പദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. സെലക്ടർമാർക്കായിരിക്കും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ കഴിയുക.' ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ ​ഗിൽ പറഞ്ഞു.

2023ലെ ഏകദിന ലോകകപ്പിനിടെയേറ്റ പരിക്കാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യൻ ടീമിലെ അവസരം നഷ്ടമാക്കിയത്. പരിക്കിനെ അവ​ഗണിച്ച് ഇന്ത്യൻ ടീമിൽ തുടർന്ന ഷമി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി. എന്നാൽ നീണ്ടകാലം പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. 2024ലെ ഐപിഎല്ലും ട്വന്റി 20 ലോകകപ്പും ഷമിക്ക് നഷ്ടമായി. പിന്നീട് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു ഷമിയുടെ ബൗളിങ്.

2025 ഫെബ്രുവരിയിൽ നടന്ന ചാംപ്യൻസ് ട്രോഫിയിലും വിക്കറ്റ് വേട്ടയിൽ ഷമിയായിരുന്നു മുന്നിലുണ്ടായിരുന്നത്. എങ്കിലും റൺസ് ധാരാളം വിട്ടുകൊടുക്കുന്നുമുണ്ട്. ഇതോടെ താരത്തിന്റെ കായികക്ഷമതയിൽ വീണ്ടും സംശയമുണർന്നു. ഇപ്പോൾ രഞ്ജി ട്രോഫിയിലടക്കം നന്നായി കളിക്കുന്നുണ്ടെങ്കിലും താരത്തെ ദേശീയ ടീമിലേക്ക് എടുക്കാത്തതിൽ വിമർശനവും ശക്തമാണ്.

‌ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Content Highlights: Shubman Gill Gives Clear Verdict On Mohammed Shami's Snub

dot image
To advertise here,contact us
dot image