

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണം ഉന്നയിച്ച ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെമ്പഴന്തി വാര്‍ഡ് സെക്രട്ടറി ഗോപന്‍. എല്ലാ തെരഞ്ഞെടുപ്പിലും ആനി അശോകന് സ്ഥാനാര്‍ത്ഥിത്വം അനിവാര്യമാണെന്നും അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്നും ഗോപന്‍ പറഞ്ഞു.
വാര്‍ഡില്‍ നിന്ന് കിട്ടിയ പേരുകള്‍ ഡിസിക്ക് മുന്നില്‍വെയ്ക്കുകയാണ് ചെയ്തത്. അതില്‍ ഡിസി ഒരു നിര്‍ദേശം വെയ്ക്കും. ആനി അശോകന്‍ കമ്മറ്റിയില്‍ മത്സരിക്കണമെന്ന് പറഞ്ഞിരുന്നു. എസ്‌സി സീറ്റില്‍ അല്ലെങ്കില്‍ ചെമ്പഴന്തി സീറ്റില്‍ പരിഗണിക്കണം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കമ്മറ്റിയില്‍ ഒരാള്‍ പോലും ആനിക്ക് പിന്തുണ നല്‍കിയിരുന്നില്ലെന്നും ഗോപന്‍ കൂട്ടിച്ചേര്‍ത്തു.
ആനി ഒട്ടനവധി പദവികള്‍ വഹിച്ച ആളാണ്. പാര്‍ലമെന്ററി മോഹം സ്വാഭാവികമായും ഉണ്ടാകാം. ഇത് പക്ഷേ വ്യാമോഹമാണ്. ആനി അശോകന്റെ പാര്‍ലമെന്ററി മോഹം വ്യാമോഹമായി വളര്‍ന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ആനിക്ക് കഴക്കൂട്ടത്തെ ഡീലറായി കടകംപള്ളി സുരേന്ദ്രന്‍ മാറി. കഴക്കൂട്ടം മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിച്ചു. അതൊക്കെ നേരിട്ട് അറിവുള്ള വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രനെ കുറിച്ച് ഈ നാട്ടിലെ ഓരോ ജനങ്ങള്‍ക്കും അറിയാം. എല്ലാ ജനവിഭാഗത്തെയും ഒരുമിച്ചുകൊണ്ടുപോകുന്ന എംഎല്‍എ ആണ് കടകംപള്ളി. ഇതെല്ലാം ആനിക്ക് അറിയാവുന്ന കാര്യമാണ്. പിണറായി വിജയന്‍ പലപ്പോഴും കുലം കുത്തികളെ കുറിച്ച് പറയാറുണ്ട്. അതുപോലെ ആനി മാറിയെന്നും ഗോപന്‍ പറഞ്ഞു. മുന്‍പ് ബ്രാഞ്ച് സെക്രട്ടറിയെ വരെ ആക്ഷേപിച്ച ആളാണ് ആനി. മുന്‍പ് രണ്ട് തവണ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറച്ച് ഫണ്ട് ആനി പിരിച്ചിട്ടുണ്ട്. അത് തിരിച്ചുചോദിച്ചപ്പോള്‍ ആക്ഷേപിക്കുകയാണ് ചെയ്തതെന്നും ഗോപന്‍ ആരോപിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്നും പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നുമായിരുന്നു ആനി അശോകന്‍ പറഞ്ഞത്. റിപ്പോര്‍ട്ടറോടായിരുന്നു ആനിയുടെ പ്രതികരണം. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ട് നല്‍കുമെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ട് മറിയാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റ് ഉറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആനി അശോകന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയതെന്നും ആനി പറഞ്ഞിരുന്നു. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ത്ഥിക്കെതിരെ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു.
Content Highlights- Chempazhanthy ward secretary gopan against local committee member annie ashokan